'രാത്രി ചായ കുടിക്കാൻ വരാൻ പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു, അവരിപ്പോൾ ഇന്‍ഡസ്ട്രിയിലെ വൻതോക്ക് ആണ്'; 'കാസ്റ്റിങ് കൗച്ച്' അനുഭവം വെളിപ്പെടുത്തി രവി കിഷൻ
കാസ്റ്റിങ് കൗച്ച് സിനിമാരംഗത്ത് സാധാരണമാണെന്ന് ലോക്‌സഭാ അംഗം കൂടിയായ രവി കിഷൻ
ന്യൂഡൽഹി: കരിയറിന്റെ തുടക്കത്തിൽ കാസ്റ്റിങ് കൗച്ച്(അവസരത്തിനു വേണ്ടി ലൈംഗിക ആവശ്യങ്ങൾക്കു വേണ്ടി വഴങ്ങൽ) അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും ലോക്‌സഭാ എം.പിയുമായ രവി കിഷൻ. ഇപ്പോൾ സിനിമാ രംഗത്ത് ശക്തയായ ഒരു സ്ത്രീയാണ് ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിച്ചതെന്ന് താരം പറഞ്ഞു.
ടെലിവിഷൻ ഷോയായ 'ആപ് കി അദാലത്തി'ലാണ് രവി കിഷന്റെ തുറന്നുപറച്ചിൽ. കാസ്റ്റിങ് കൗച്ച് സിനിമാരംഗത്ത് സാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാൽ, എങ്ങനെയൊക്കെയോ അതിൽനിന്ന് രക്ഷപ്പെട്ടെന്നും രവി പറഞ്ഞു.
'ജോലിയെ ആത്മാർത്ഥമായി സമീപിക്കണമെന്ന് എന്നെ പിതാവ് പഠിപ്പിച്ചിരുന്നു. കുറുക്കുവഴികളിലൂടെ ജോലി തരപ്പെടുത്താൻ എനിക്ക് ഒരിക്കലും താൽപര്യമുണ്ടായിരുന്നില്ല. എനിക്ക് പ്രതിഭയുണ്ടെന്ന് എനിക്കറിയാമായിരുന്നു.'
കാസ്റ്റിങ് കൗച്ചുമായി സമീപിച്ച സ്ത്രീയുടെ പേര് തനിക്ക് പറയാൻ കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അവർ ഇപ്പോൾ വൻതോക്കാണ്. ചായ കുടിക്കാൻ രാത്രി വരൂ എന്നാണ് അവർ എന്നോട് പറഞ്ഞത്. സാധാരണ ആളുകൾ പകല്‍നേരത്താണ് ചായ കുടിക്കാറ്. അതുകൊണ്ടുതന്നെ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. ആവശ്യം തള്ളിക്കളയുകയും ചെയ്‌തെന്ന് രവി കിഷൻ കൂട്ടിച്ചേർത്തു.
ഭോജ്പുരി, ഹിന്ദി ചലച്ചിത്രരംഗത്ത് സജീവമായ രവി കിഷൻ 1992ൽ 'പിതാംഭർ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തേരെ നാം, കീമത്ത്, തനു വെഡ്‌സ് മനു, ലക്ക്, ബുള്ളറ്റ് രാജ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തമിഴ്, തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചു. നെറ്റ്ഫ്‌ളിക്‌സ് വെബ്‌സീരീസായ 'കാക്കി: ദ ബിഹാർ ചാപ്റ്റർ' ആണ് അവസാനമായി അഭിനയിച്ച ചിത്രം. 2019ലാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലെത്തുന്നത്.
Summary: Actor turned politician Ravi Kishan MP opens up on his casting couch experience in the initial days of his career
Adjust Story Font
16