''എൻ ഇനിയ പൊൻ നിലാവേ....ശോഭയെപ്പോലെ പ്രതാപ് പോത്തനും ഇനിയില്ല''
വിടപറഞ്ഞ സുഹൃത്തും സംവിധായകനുമായ ബാലുവിന്റെ വിഷാദസ്മരണ കൂടിയായിരുന്നു പ്രതാപിന് ആ ഗാനരംഗം
മലയാളത്തില്‍ മാത്രമല്ല, തമിഴിലും നിറഞ്ഞുനിന്ന താരമായിരുന്നു പ്രതാപ് പോത്തന്‍. 80കളിലെ തിരക്കുള്ള താരം. പ്രതാപിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തമിഴിലെ പല ഹിറ്റ് ഗാനങ്ങളും കാതുകളിലേക്ക് ഒഴുകിവരും. അതിലൊന്നായിരുന്നു 'മൂടുപനി' എന്ന ചിത്രത്തിലെ ''എൻ ഇനിയ പൊൻ നിലാവേ'' എന്ന പാട്ട്. പ്രതാപും ശോഭയുമായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചത്. ഗാനത്തെക്കുറിച്ചും പ്രതാപ് പോത്തനെക്കുറിച്ചുമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഗാനനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍
രവി മേനോന്‍റെ കുറിപ്പ്
പ്രതാപ് പോത്തന് വിട
``എൻ ഇനിയ പൊൻ നിലാവേ, പൊൻ നിലാവിൽ എൻ കനാവേ...'' വീണ്ടും കേൾക്കുമ്പോൾ, ആ രംഗം കാണുമ്പോൾ ശോഭയെപ്പോലെ പ്രതാപ് പോത്തനും ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ മടിക്കുന്നു മനസ്സ്. ഫേസ്ബുക്ക് മെസഞ്ചറിൽ വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ സംഗീതമായിരുന്നു ഞങ്ങളുടെ മുഖ്യ സംസാരവിഷയം; ബീറ്റിൽസ് മുതൽ ഇളയരാജ വരെ. അഭിനയിച്ച ഗാനരംഗങ്ങളെ കുറിച്ച് പറയാൻ പൊതുവെ വിമുഖൻ. പലതും ഇന്ന് കാണുമ്പോൾ കോമഡി ആയി സ്വയം തോന്നാറുണ്ട് എന്നതാണ് കാരണം.എങ്കിലും 'മൂടുപനി'യിലെ (1980) പാട്ടിനെ എന്നും ഹൃദയത്തോട് ചേർത്തുവെച്ചു പ്രതാപ്. കാരണങ്ങൾ മൂന്നാണ് -- ശോഭ, ബാലു മഹേന്ദ്ര, പിന്നെ ഗിറ്റാറും.
``വേദനയോടെ അല്ലാതെ ആ രംഗം കണ്ടുതീർക്കാൻ പറ്റാറില്ല.''-- പ്രതാപ് ഒരിക്കൽ പറഞ്ഞു. ``അന്ന് ആഘോഷപൂർവം അഭിനയിച്ച രംഗമാണ്; കളിയും ചിരിയും തമാശയുമായി. ഇന്ന് ശോഭയെ കാണുമ്പോൾ ആ നിമിഷങ്ങളുടെ ഓർമ്മകൾ വേദനയായി പടരും മനസ്സിൽ.'' വിടപറഞ്ഞ സുഹൃത്തും സംവിധായകനുമായ ബാലുവിന്റെ വിഷാദസ്മരണ കൂടിയായിരുന്നു പ്രതാപിന് ആ ഗാനരംഗം. ഈണത്തിനനുസരിച്ചു വരികളെഴുതാൻ ഏറ്റവും പ്രയാസപ്പെട്ട പാട്ടാണ് എൻ ഇനിയ പൊൻ നിലാവേ എന്ന് പറഞ്ഞിട്ടുണ്ട് ഗംഗൈ അമരൻ. പ്രതാപ് പോത്തന്‍റെ ചന്ദ്രു എന്ന കഥാപാത്രത്തിന് ഗിറ്റാർ വായിച്ചു പാടാൻ ഒരു പ്രണയഗാനം വേണം -- ബാലുവിന്‍റെ ആവശ്യം അതായിരുന്നു. ഇളയരാജ ഗിറ്റാറിൽ ആദ്യം വായിച്ച ``സ്ക്രാച്ച് നോട്ട്സ്'' എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ ബാലുവിന് തൃപ്തി പോരാ. കുറച്ചു കൂടി വെസ്റ്റേൺ ടച്ച് ഉള്ള പാട്ട് വരട്ടെ എന്നായി അദ്ദേഹം.
നിമിഷങ്ങൾക്കകം രാജ ഗിറ്റാറിൽ പുതിയൊരു ഈണം വായിക്കുന്നു; നഠഭൈരവി രാഗത്തിന്റെയും ജാസ് സംഗീതത്തിന്റെയും ഒരു തകർപ്പൻ ഫ്യൂഷൻ. ``എൻ ഇനിയ പൊൻ നിലാവേ'' പിറന്നത് അങ്ങനെ. തൊട്ടടുത്ത നാൾ യേശുദാസിന്‍റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെടുന്നു ആ പാട്ട്. ആദ്യം സൃഷ്ടിച്ച ഈണം പക്ഷെ ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല ഇളയരാജക്ക്. രണ്ടു വർഷം കഴിഞ്ഞു പുറത്തുവന്ന ``പയനങ്ങൾ മുടിവതില്ലൈ'' എന്ന ചിത്രത്തിൽ ആ ട്യൂൺ ഇടം നേടിയതും എസ് പി ബിയുടെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായി അത് വളർന്നതും ഇന്ന് ചരിത്രം.
പുനർജ്ജന്മം നേടിയ ആ ഗാനം ഇതായിരുന്നു: ``ഇളയനിലാ പൊഴുകിറതേ ഇദയം വരേ നനൈകിറതേ..'' രണ്ടു ഗാനങ്ങളിലും ഗിറ്റാർ തന്നെ പ്രധാന താരം. മൂടുപനിയിലെ പാട്ടിൽ ഗിറ്റാർ മീട്ടിയത് രാധാ വിജയനെങ്കിൽ, ഇളയനിലയിൽ ചന്ദ്രശേഖർ. നിരവധി ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് പ്രതാപ് പോത്തൻ; ചുണ്ടനക്കിയും അല്ലാതെയും. അവയിൽ ``എൻ ഇനിയ പൊൻ നിലാവേ'' ഏറെ പ്രിയങ്കരം. ഒരിക്കലും മായാത്ത കോളേജ് കാലത്തിന്‍റെ ഓർമ കൂടിയാണ് എനിക്കത് .
Adjust Story Font
16