അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറെന്ന് മരിച്ച യുവതിയുടെ കുടുംബം: നടൻ അറസ്റ്റിലായത് അറിഞ്ഞില്ല
ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്‌പള്ളി പോലീസ് അറസ്റ്റ് ചെയ്തത്
ഭാസ്കർ
ഹൈദരബാദ്: അല്ലു അർജുനെതിരെയുള്ള കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് പുഷ്പ 2 പ്രീമിയർ ഷോക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ ഭർത്താവ്. മരിച്ച ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയുടെ ഭർത്താവ് ഭാസ്കർ ആണ് കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. അല്ലു അർജുൻ അറസ്റ്റിലായ വിവരം അറിഞ്ഞില്ലെന്നും ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞു.
"ഞാൻ കേസ് പിൻവലിക്കാൻ തയ്യാറാണ്. അല്ലു അർജുൻ അറസ്റ്റിലായത് അറിഞ്ഞില്ലായിരുന്നു. എന്റെ ഭാര്യ മരിക്കാൻ കാരണമായ സംഭവങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല," ഭാസ്കർ പറഞ്ഞു.
ഭാസ്കറിന്റെ ഭാര്യ രേവതിക്കും എട്ട് വയസുകാരനായ മകനും പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതര പരിക്കുകൾ ഏറ്റിരുന്നു. തിയേറ്ററിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു.
സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്‌പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ നമ്പള്ളി കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചഞ്ചൽ ഗുഡ ജയിലിലേക്കാണ് അല്ലു അർജുനെ മാറ്റുക.
Adjust Story Font
16