ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിൽ റിലീസ് പ്രഖ്യാപനം; വ്യത്യസ്ത ഒരുക്കി 'കാക്കിപ്പട' ടീം
ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ റിലീസ് പ്രഖ്യാപിച്ചത്
വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി 'കാക്കിപ്പട' സിനിമ ടീം. ഖത്തർ ലോകകപ്പ് മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് 'കാക്കിപ്പട' എന്ന ചിത്രത്തിന്‍റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ചിത്രം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിലെത്തും. ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് 'കാക്കിപ്പട'യുടെ ക്രിസ്മസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ എത്തിയത്. ഷെജി വെലിയകത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.
പൂർണമായും ത്രില്ലർ മൂഡിലാണ് കാക്കിപ്പട ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും, ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുപോവുകയാണ് സിനിമ. കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. കേസ് അന്വേഷണമായാലും കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥാസന്ദര്‍ഭങ്ങളായാലും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാവുന്നു.
ഷെബി ചൗഘട്, ഷെജി വലിയകത്തും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം-ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-സാബുറാം. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്. നിർമാണ നിർവ്വഹണം-എസ്.മുരുകൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.
Adjust Story Font
16