Quantcast

സുബി എന്നാല്‍ 'ചിരി'; ഒടുവില്‍ കരയിപ്പിച്ച് മടക്കം

കഴിഞ്ഞ വര്‍ഷം രോഗാവസ്ഥയെക്കുറിച്ച് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നെങ്കിലും അതൊരിക്കലും കരള്‍ രോഗമായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല

MediaOne Logo

Web Desk

  • Updated:

    2023-02-22 07:48:41.0

Published:

22 Feb 2023 7:16 AM GMT

Subi Suresh
X

സുബി സുരേഷ് 

''എന്‍റെ കയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് 'വര്‍ക് ഷോപ്പില്‍' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകള്‍ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു'' കഴിഞ്ഞ വര്‍ഷം രോഗാവസ്ഥയെക്കുറിച്ച് സുബി സുരേഷ് പ്രേക്ഷകരോട് പറഞ്ഞിരുന്നെങ്കിലും അതൊരിക്കലും കരള്‍ രോഗമായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല...ഒടുവില്‍ ഒന്നും പറയാതെ സുബി പറന്നകന്നിരിക്കുകയാണ്...


'ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി' എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ട വീഡിയോയില്‍ തന്റെ അസുഖത്തെ കുറിച്ച് സുബി പറഞ്ഞിരുന്നു. എന്‍റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് 'വര്‍ക് ഷോപ്പില്‍' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചാല്‍ പോലും കഴിക്കാറില്ല. തോന്നുമ്പോള്‍ മാത്രമാണ് കഴിക്കുന്നത്. എന്നാല്‍ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്‌നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു.

ഷൂട്ടിന് പോകേണ്ടിയിരുന്നതിന്‍റെ തലേദിവസമാണ് വയ്യാതാകുന്നത്. നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര്‍ വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കില്‍ അതിലൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത് എന്നാണ് സുബി പറഞ്ഞത്. പിന്നീട് കൂടുതല്‍ ഊര്‍ജ്ജത്തോടെ , പൊട്ടിച്ചിരികളോടെ മിനിസ്ക്രീനിലും സ്റ്റേജ് ഷോകളിലും സുബിയെ മലയാളികള്‍ കണ്ടു. സുബി എന്നാല്‍ ഒരു 'വലിയ ചിരി' ആയിരുന്നു പ്രേക്ഷകര്‍ക്ക്. ചിരിച്ച മുഖത്തോടെയല്ലാതെ ഒരിക്കലും സുബിയെ മലയാളികള്‍ കണ്ടിട്ടില്ല. പക്ഷെ വ്യക്തി ജീവിതത്തില്‍ സുബി ഒരു ഗൗരവക്കാരിയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.



കലാഭവന്‍ മലയാളത്തിനു സമ്മാനിച്ച കലാകാരിയായിരുന്നു തൃപ്പൂണിത്തുറക്കാരിയായ സുബി സുരേഷ്. സിനിമാലയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. പുരുഷന്‍മാര്‍ കയ്യടക്കിയ സ്റ്റേജ് ഷോകളില്‍ സുബി തന്‍റെ ഒറ്റയാള്‍ പ്രകടനം കൊണ്ട് തിളങ്ങി. സോണിയ ഗാന്ധിയായും പത്മജ വേണുഗോപാലായും സുബി വേഷപ്പകര്‍ച്ച നടത്തി. അവതാരകയുടെ റോളിലെത്തുമ്പോള്‍ കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ സദസിനെ കയ്യിലെടുത്തു. അഭിനയിച്ച കോമഡി പരിപാടികളിലെല്ലാം സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് സുബി ചിരിപ്പിച്ചു. സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യം വിട്ടൊരു കളിയുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ 'ഡ്രാമയില്‍' അല്‍പം ഗൗരവക്കാരിയായ നഴ്സ് അമ്മിണിയെയാണ് സുബി അവതരിപ്പിച്ചത്.

വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പറ്റിയ ആളെ കിട്ടുമ്പോള്‍ വിവാഹം കഴിക്കുമെന്നായിരുന്നു സുബിയുടെ മറുപടി. ഇതിനിടയില്‍ വിവാഹം തീരുമാനിച്ചിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ''ഒരു സത്യം തുറന്നുപറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്‍റെ താലിമാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണിത്'' എന്നാണ് സുബി പറഞ്ഞത്. ഒടുവില്‍ സ്വപ്നങ്ങള്‍ ബാക്കിയാക്കി സുബി മടങ്ങിയിരിക്കുകയാണ്...


TAGS :

Next Story