മക്കൾ സെൽവൻ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി, അദ്ദേഹം 500 രൂപ തന്ന് അനുഗ്രഹിക്കുകയും ചെയ്തു: വിജയ് സേതുപതി
ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്
തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് സേതുപതിയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ആരാണ് തന്നെ ആദ്യമായി തന്നെ മക്കൾ സെൽവൻ എന്ന് വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. മാമനിതൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർക്കൊപ്പം ക്ലബ് എഫ്.എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മക്കൾ സെൽവന്‍റെ വെളിപ്പെടുത്തല്‍.
ഒരു സ്വാമിയാണ് തനിക്ക് ഇങ്ങനെയൊരു പേരിട്ടതെന്നാണ് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ആണ്ടിപ്പട്ടിയിലാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. തേയിലത്തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹമപ്പോൾ. സ്വാമിയുടെ കയ്യിൽ നിന്ന് അല്പം ഭക്ഷണം ഞാനും വാങ്ങിക്കഴിച്ചു. കുറച്ചുഭക്ഷണം ഞാൻ അദ്ദേഹത്തിനും വാരിക്കൊടുത്തു. സ്വാമി ഒരഞ്ഞൂറ് രൂപ കയ്യിൽത്തന്ന് അനുഗ്രഹിക്കുകയും ചെയ്തു. ആ സ്വാമിയാണ് സീനു രാമസ്വാമി- വിജയ് സേതു പറഞ്ഞു.
ജനങ്ങളുടെ മകൻ എന്നാണ് മക്കൾ സെൽവൻ എന്ന വാക്കിന്റെ അർത്ഥമെന്ന് അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ സീനു രാമസ്വാമി പറഞ്ഞു. ധർമദൂരൈ എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് ജനങ്ങളെല്ലാവരും വിജയ് സേതുപതിയെ സ്വന്തം കുടുംബാംഗത്തേപ്പോലെയാണ് കാണുന്നതെന്ന കാര്യം ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് മക്കൾ സെൽവൻ എന്ന പേരിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എനിക്ക് സേതു(വിജയ് സേതുപതി)വിനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടമായി. എന്തുകൊണ്ട് ഇഷ്ടമായി എന്നെനിക്കറിയില്ല. എനിക്ക് സേതുവിന്റെ കണ്ണ് ഇഷ്ടമായി. ആ കണ്ണില്‍ അത്രയും സ്‌നേഹമുണ്ടായിരുന്നു. ഒരു നടന് ആദ്യം വേണ്ടത് സ്‌നേഹമല്ലേ. എനിക്ക് ബാല മഹീന്ദ്ര സാര്‍ പറഞ്ഞു തന്നിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ക്ക് രണ്ടേ രണ്ട് മുഖങ്ങള്‍ മാത്രമാണ് ഈ ലോകത്ത് ഫേമസായിരിക്കുന്നത്. ഒന്ന് പൂച്ചയുടെ മുഖം, മറ്റൊന്ന് പടക്കുതിരയുടെയും. ഒരോ മനുഷ്യന്മാരെ കാണുമ്പോള്‍ എനിക്ക് സാര്‍ പറഞ്ഞത് ഓര്‍മ്മ വരും. സേതുവിനെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരു പടക്കുതിരയെ ആണ് ഓര്‍മ്മ വന്നത്. ആള്‍ സ്‌ട്രോങ് ആണെന്ന് അപ്പോള്‍ തന്നെ മനസിലായി. എന്റെ കഥാപാത്രത്തിനും അങ്ങനെയൊരാളെയായിരുന്നു ആവശ്യം,' സീനു രാമസ്വാമി പറഞ്ഞു.
Adjust Story Font
16