ബോക്സ് ഓഫീസിൽ രാജകീയ തേരോട്ടം; നാല് ദിവസം കൊണ്ട് 400 കോടി കടന്ന് 'പഠാൻ'
ഇന്ത്യക്കകത്ത് നിന്ന് 265 കോടിയും പുറത്തുനിന്ന് 164 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്
ന്യൂഡൽഹി: നാലാം നാൾ 400 കോടി കടന്ന് ഷാരൂഖ് ഖാൻ- ദീപിക പദുക്കോൺ ചിത്രം 'പഠാൻ'. പുറത്തിറങ്ങി നാല് ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ. ആഗോളതലത്തിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലു ദിവസത്തിൽ 429 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് പറയുന്നത്. ഇന്ത്യക്കകത്ത് നിന്ന് 265 കോടിയും പുറത്തുനിന്ന് 164 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയതെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
'PATHAAN': ₹ 429 CR WORLDWIDE *GROSS* IN 4 DAYS… #Pathaan WORLDWIDE [#India + #Overseas] *Gross* BOC… *4 days*…
— taran adarsh (@taran_adarsh) January 29, 2023
⭐️ #India: ₹ 265 cr
⭐️ #Overseas: ₹ 164 cr
⭐️ Worldwide Total *GROSS*: ₹ 429 cr
🔥🔥🔥 pic.twitter.com/Qd8xriCFvX
ഇന്നലെ 313 കോടിയായിരുന്നു ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് ചിത്രം 126 കോടി രൂപ നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ 57 കോടി രൂപ പഠാൻ നേടി. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്. രണ്ട് ദിനം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി ചിത്രം 100 കോടിയിലേറെ രൂപ കളക്ഷൻ നേടുമെന്ന് പ്രമുഖ സിനിമാ അനലിസ്റ്റായ തരൺ ആദർശ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
ഇതോടെ, റാ വൺ, ഡോൺ 2, ജബ് തക് ഹേ ജാൻ, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ, ദിൽവാലെ, റയീസ് എന്നിവയ്ക്ക് ശേഷം 100 കോടി ക്ലബ്ബിൽ ചേരുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമായി പത്താൻ മാറി. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്. പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരിൽ സംഘപരിവാർ പ്രവർത്തകർ ബഹിഷ്‌കരണാഹ്വാനങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് കളക്ഷനുകൾ വ്യക്തമാക്കുന്നത്.
യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.
Adjust Story Font
16