മൊയ്തീൻ ആകേണ്ടിയിരുന്നത് ഉണ്ണി മുകുന്ദൻ; തുറന്നുപറഞ്ഞ് ആര്‍.എസ് വിമല്‍
വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്
എന്ന് നിന്‍റെ മൊയ്തീനില്‍ പാര്‍വതിയും പൃഥ്വിരാജും
കൊച്ചി: മൊയ്തീന്‍റെയും കാഞ്ചനയുടെയും അനശ്വര പ്രണയം പറയുന്ന ചിത്രമാണ് 'എന്ന് നിന്‍റെ മൊയ്തീന്‍'. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം 2015ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി വേഷമിട്ട ചിത്രം നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മൊയ്തീനെ അവതരിപ്പിക്കേണ്ടിയിരുന്നത് ഉണ്ണി മുകുന്ദനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍. വിമൽ കഥയും തിരക്കഥയും രചിച്ച് നിർമ്മിക്കുന്ന ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്.
"മൊയ്തീൻ ചെയ്യുന്നതിന് മുൻപ് എനിക്ക് സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയൊരു ഷോർട് ഫിലിം ഉണ്ടായിരുന്നു. ജലം കൊണ്ട് മുറിവേറ്റവർ. അതിലെ മൊയ്തീൻ സിനിമ ആക്കാൻ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു. ഞാൻ എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്ന് വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലത്തെ മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. എന്റെ മൊയ്തീൻ താങ്ങൾ ആണ്. ഇതൊന്ന് കണ്ട് നോക്കൂവെന്ന് ഉണ്ണിയോട് പറഞ്ഞു. അദ്ദേഹം അതെല്ലാം കണ്ടു. അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ ശരീരവും പക്ഷേ നൈർമല്യം പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസുമാണ് അദ്ദേഹത്തിന്. ആ രംഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞു",- ആർ എസ് വിമൽ പറഞ്ഞു.
2015ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു എന്ന് നിന്‍റെ മൊയ്തീന്‍. 50 കോടി ക്ലബില്‍ കയറിയ ചിത്രം കൂടിയായിരുന്നു ഇത്. സായ് കുമാര്‍,ബാല, ടൊവിനോ തോമസ്, ശശി കുമാര്‍,ലെന, സുധീര്‍ കരമന, സുരഭി ലക്ഷ്മി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.
Adjust Story Font
16