ബ്രോ ഡാഡി തെലുങ്കിലേക്ക്; മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവി
സൊഗ്ഗഡെ ചിന്നി നയന, ബംഗാർരാജു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കല്യാൺ കൃഷ്ണയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്
ബ്രോ ഡാഡിയില്‍ പൃഥ്വിയും മോഹന്‍ലാലും
ഹൈദരാബാദ്: ലൂസിഫറിന് പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും തെലുങ്കിലേക്ക്. ചിരഞ്ജീവിയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൊഗ്ഗഡെ ചിന്നി നയന, ബംഗാർരാജു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കല്യാൺ കൃഷ്ണയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. തൃഷയായിരിക്കും മലയാളത്തില്‍ മീന അവതരിപ്പിച്ച വേഷത്തിലെത്തുക. യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്‍റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടും.
പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡി കഴിഞ്ഞ വര്‍ഷമാണ് ഒടിടിയിലൂടെ റിലീസ് ചെയ്തത്. റിലീസ് ദിവസത്തെ രണ്ട് റെക്കോർഡാണ് ചിത്രം സ്വന്തം പേരിലാക്കിയത്. ചിത്രം പുറത്തിറങ്ങിയ ആദ്യദിവസം ഏറ്റവും കൂടുതൽ വരിക്കാരെ ഉണ്ടാക്കിയ ചിത്രമെന്ന റെക്കോർഡാണ് ബ്രോ ഡാഡി കുറിച്ചത്. എല്ലാ ഭാഷകളിലും ഏറ്റവും മുന്നിൽ ചിത്രം തന്നെയാണ്. ഇതോടൊപ്പം, റിലീസിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചിത്രമെന്ന നേട്ടവും ബ്രോ ഡാഡി സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. അമ്മ വേഷത്തില്‍ മീനയുമെത്തി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്. ലാലു അലക്സ്,കനിഹ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം പൃഥ്വി ആദ്യം സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ട്രോളുകള്‍ ഏറ്റുവാങ്ങാനായിരുന്നു വിധി. മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ സ്റ്റീഫന്‍ നെടുമ്പള്ളിയെ ചിരഞ്ജീവി കുളമാക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനം. സംഭവം സീരിയസായി ചെയ്തതാണെങ്കിലും കോമഡിയായെന്നും ആരാധകര്‍ പറയുന്നു.
Adjust Story Font
16