'ആളുകൾ പരിഹസിച്ചൊരു കാലമുണ്ടായിരുന്നു; കഠിനാധ്വാനത്തിലൂടെ രാഹുൽ എല്ലാത്തിനെയും മറികടന്നു'; പ്രശംസിച്ച് സെയ്ഫ് അലി ഖാൻ
രാജ്യം വ്യക്തമായി സംസാരിച്ചുകഴിഞ്ഞെന്നും ഇന്ത്യയിൽ ജനാധിപത്യം അതിജീവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് ബോളിവുഡ് താരം പറഞ്ഞു
മുംബൈ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. രാഹുൽ ഗാന്ധിയുടെ പ്രവർത്തനം ഗംഭീരമാണ്. ആളുകൾ പരിഹസിച്ച കാലത്തെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം മറികടന്നതെന്നും താരം പറഞ്ഞു. രാജ്യം വ്യക്തമായ സന്ദേശം നൽകിക്കഴിഞ്ഞെന്നും ഇന്ത്യയിൽ ജനാധിപത്യം അതിജീവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞു.
'ഇന്ത്യൻ ടുഡേ കോൺക്ലേവ് 2024'ലായിരുന്നു ബോളിവുഡ് താരത്തിന്റെ അഭിപ്രായപ്രകടനം. രാഹുൽ ഗാന്ധിയുടെ പ്രവർത്തനം ഗംഭീരമാണ്. അദ്ദേഹം പറയുന്നതും ചെയ്യുന്നതുമെല്ലാം ആളുകൾ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെയും കൗതുകമുണർത്തുന്ന വഴികളിലൂടെയും അതിനെയെല്ലാം രാഹുൽ മറികടന്നിരിക്കുകയാണെന്നും സെയ്ഫ് അഭിപ്രായപ്പെട്ടു.
അഭിമുഖ പരിപാടിയിൽ സ്വന്തം രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താൻ താരം കൂട്ടാക്കിയില്ല. എന്നാൽ, രാജ്യത്ത് ഇപ്പോഴും ജനാധിപത്യം ജീവനോടെ നിലനിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ആരെയാണു പിന്തുണയ്ക്കുന്നത്, എന്താണ് എന്റെ രാഷ്ട്രീയമൊന്നും വിശദീകരിക്കാൻ താൽപര്യപ്പെടുന്നില്ല. പുറത്ത് അരാഷ്ട്രീയഭാവം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും താരം സംസാരത്തിൽ സൂചിപ്പിച്ചു. രാജ്യം വ്യക്തമായി സംസാരിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇപ്പോഴും ജനാധിപത്യം അതിജീവിക്കുന്നുണ്ടെന്ന കാര്യത്തിൽ താൻ സന്തുഷ്ടനാണെന്നു പറഞ്ഞ അദ്ദേഹം, ധീരരും സത്യസന്ധരുമായ രാഷ്ട്രീയക്കാരെയാണ് തനിക്ക് ഇഷ്ടമെന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ ചേരാൻ താൽപര്യമില്ലെന്നും സെയ്ഫ് അലി ഖാൻ വ്യക്തമാക്കി. ഞാനൊരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാരനാകാൻ ആഗ്രഹവുമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടാകുമായിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയക്കാരനാകുമായിരുന്നു. അവ ആ വഴിക്ക് പങ്കുവയ്ക്കുകയും ചെയ്യും. നിങ്ങൾ മാധ്യമപ്രവർത്തകർ എന്നെക്കാൾ ധീരന്മാരാണ്. അത്തരം കടുത്ത വിഷയങ്ങൾ നേരിടാൻ താൽപര്യമില്ല. ഉണ്ടെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമായിരുന്നുവെന്നും ഇപ്പോൾ അതിന് ഒരുക്കമല്ലെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
Summary: Bollywood actor Saif Ali Khan praises Rahul Gandhi for saying what he has done is ‘impressive’ work
Adjust Story Font
16