സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; അക്രമിയെ കണ്ടവരില്ല, സിസിടിവിയിലും പതിഞ്ഞിട്ടില്ല, ദുരൂഹതയേറുന്നു
അക്രമം നടക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഫ്‌ളാറ്റിലേക്ക് ആരും പ്രവേശിച്ചതായി കണ്ടെത്താനായിട്ടില്ല
മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഫ്ലാറ്റിലേക്ക് ആരും പ്രവേശിച്ചതായി കണ്ടെത്താനായിട്ടില്ല. ഇതോടെ താരത്തിന്റെ വീട്ടിനുള്ളിൽ അക്രമി നേരത്തെ നിലയുറപ്പിച്ചിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസ്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മല്‍പിടിത്തത്തില്‍ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം. എന്നാൽ മോഷ്ടാവ് ഫ്ലാറ്റിലേക്ക് എപ്പോൾ, എങ്ങനെ പ്രവേശിച്ചുവെന്നതിൽ വ്യക്തതയില്ലാത്തത് അന്വേഷണം സങ്കീർണമാക്കുകയാണ്. മോഷണശ്രമമായിരുന്നോ എന്നതിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
എങ്ങനെയാണ് അക്രമി അകത്തേക്ക് കയറിയത് എന്നാണ് പൊലീസ് പ്രധാനമായും നോക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെയ്ഫ് അലി ഖാൻ്റെ റസിഡൻഷ്യൽ സൊസൈറ്റിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി സെയ്ഫ് അലി ഖാൻ്റെ സ്റ്റാഫിലെ അഞ്ച് പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആരും സൊസൈറ്റിയിലേക്ക് വരുന്നത് കണ്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരനും പൊലീസിനോട് പറഞ്ഞത്.
താരത്തെ ആക്രമിച്ചതിന് പിന്നാലെ മുംബൈ പൊലീസിൻ്റെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശേഷം മുംബൈ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16