"ആര്‍ക്കറിയാം സിനിമയില്‍ ഷറഫുദ്ദീന്‍റെ വേഷം ചെയ്യാനിരുന്നത് ഞാന്‍": സൈജു കുറുപ്പ്
മേപ്പടിയാന്‍ ചിത്രീകരണ തിരക്ക് കാരണം നിഴല്‍, ജിബൂട്ടി എന്ന സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്നും സൈജു കുറുപ്പ്
ബിജു മേനോനും ഷറഫുദ്ദീനും പാർവതിയും ഒന്നിച്ച 'ആര്‍ക്കറിയാം' സിനിമ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ബിജു മേനോന്‍റെയും ഷറഫുദ്ദീന്‍റെയും വേഷങ്ങള്‍ക്ക് വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. സിനിമയിലെ ഷറഫുദ്ദീന്‍ അവതരിപ്പിച്ച റോയ്‍യുടെ വേഷത്തില്‍ തന്നെയായിരുന്നു ആദ്യം തെരഞ്ഞെടുത്തിരുന്നതെന്ന് സൈജു കുറുപ്പ് വെളിപ്പെടുത്തി. മേപ്പടിയാന്‍ എന്ന സിനിമയുടെ ഡേറ്റുമായി ക്ലാഷ് വന്നതു കൊണ്ടാണ് ആര്‍ക്കറിയാം സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതിരുന്നതെന്ന് സൈജു കുറുപ്പ് പറഞ്ഞു. ആര്‍ക്കറിയാം സിനിമയിലെ വേഷം ചെയ്യാന്‍ 30 ദിവസം വേണമായിരുന്നു. പക്ഷെ ഒരേ സമയത്ത് രണ്ടു സിനിമയിൽ അഭിനയിക്കാൻ പ്രയാസമായത് കൊണ്ട് പ്രധാന വേഷം ഉപേക്ഷിച്ചതായും കുറഞ്ഞ ദിവസങ്ങള്‍ മാത്രം ആവശ്യമായതിനാല്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സ്നേഹ നിര്‍ബന്ധത്താല്‍ ചിത്രത്തിലെ സുഹൃത്തിന്‍റെ വേഷം അഭിനയിച്ചതായും സൈജു കുറുപ്പ് പറഞ്ഞു. മേപ്പടിയാന്‍ ചിത്രീകരണ തിരക്ക് കാരണം നിഴല്‍, ജിബൂട്ടി എന്ന സിനിമകളിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു.
സൈജു കുറുപ്പിന്‍റെ വാക്കുകള്‍:
'ആർക്കറിയാം' എന്ന ചിത്രത്തിൽ ഷറഫ് ചെയ്ത കഥാപാത്രമാണ് ആദ്യം എന്നോട് ചെയ്യാൻ പറഞ്ഞത്. പക്ഷേ മേപ്പടിയാന്‍റെ ഡേറ്റുമായി ക്ലാഷ് വന്നു. ആ കഥാപാത്രം ചെയ്യാൻ ഒരു 30 ദിവസം വേണമായിരുന്നു. സാനു ചേട്ടൻ (സാനു വർഗീസ്) എഴുതി സംവിധാനം ചെയ്ത ചിത്രമാണ്. എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷെ ഒരേ സമയത്ത് രണ്ടു സിനിമയിൽ അഭിനയിക്കാൻ പറ്റില്ലല്ലോ. അതിനുശേഷം സാനു ചേട്ടൻ പറഞ്ഞു നീ എന്നാൽ സുഹൃത്തിന്റെ കഥാപാത്രം ചെയ്യൂ, അതിനു ഡേറ്റ് കുറച്ചു മതിയെന്ന്. അങ്ങനെയാണ് ആ കഥാപാത്രം ചെയ്തത്. നിഴൽ എന്ന സിനിമയിലും ഡോക്ടർ റോണി ചെയ്ത കഥാപാത്രമാണ് ഞാൻ ചെയ്യാൻ ഇരുന്നത്. പിന്നെ അതിനും ഈ പ്രശ്നം വന്നു. അതുകൊണ്ട് വളരെ കുറച്ചു ദിവസങ്ങൾ മാത്രം വേണ്ടിവരുന്ന മറ്റൊരു കഥാപാത്രമാണ് ചെയ്തത്. ജിബൂട്ടി എന്ന സിനിമ എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല അങ്ങനെ ചില സിനിമകൾ ഉപേക്ഷിക്കേണ്ടിവന്നു. ചില സിനിമകളിലെ കഥാപാത്രങ്ങൾ മാറ്റി ചെയ്യേണ്ടിവന്നു. മേപ്പടിയാന്റെ കഥാപാത്രം എനിക്കത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.
Adjust Story Font
16