''എന്റെ അമ്മ ഹിന്ദുവാണ്; സഹോദരങ്ങൾ വിവാഹം കഴിച്ചതും ഹിന്ദുമതക്കാരെ''-അയൽവാസിക്കെതിരായ അപകീർത്തിക്കേസിൽ സൽമാൻ ഖാൻ
സൽമാൻ ഖാന്റെ മുംബൈ പൻവേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതൻ കക്കാഡിനെതിരെയാണ് താരം അപകീർത്തിക്കേസ് നൽകിയിരിക്കുന്നത്
അയൽവാസിക്കെതിരായ അപകീർത്തിക്കേസിൽ കൂടുതൽ വിമര്‍ശനവുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. അയൽവാസി തന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടിമാത്രം തന്റെ മതത്തെ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണെന്ന് സൽമാൻ ഖാൻ കുറ്റപ്പെടുത്തി.
''എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛൻ മുസ്‍ലിമും. സഹോദരങ്ങൾ വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ് ഞങ്ങൾ. പിന്നീട് എന്തിനാണ് താങ്കൾ എന്റെ മതത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?''- സൽമാൻ ഖാൻ കോടതിയിൽ ചോദിച്ചു.
സൽമാൻ ഖാന്റെ മുംബൈ പൻവേലിലെ ഫാംഹൗസിനടുത്തുള്ള ഭൂമിയുടെ ഉടമയായ കേതൻ കക്കാഡിനെതിരെയാണ് താരം അപകീർത്തിക്കേസ് നൽകിയിരിക്കുന്നത്. ഒരു യൂടൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസിൽ ഖാൻ പറയുന്നത്. ഡി-കമ്പനിയിൽ മുൻനിര അംഗമാണ് സൽമാൻ ഖാനെന്ന് കേതൻ അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായെല്ലാം അടുത്ത ബന്ധമുള്ള നടന് കുട്ടിക്കടത്ത് നടത്തുന്നുണ്ടെന്നും നിരവധി ചലച്ചിത്രതാരങ്ങളെ ഖാന്റെ ഫാംഹൗസിൽ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്നുമെല്ലാം ആരോപണം തുടരുന്നു.
കേതന്റെ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്നും വെറും ആരോപണങ്ങൾ മാത്രമാണെന്നും ഖാന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ''ഇത്തരം ആരോപണങ്ങൾ നടത്താൻ താങ്കളൊരു ഗുണ്ടയല്ല; വിദ്യാഭ്യാസമുള്ളയാളാണ്. ആളെ വിളിച്ചുകൂട്ടി സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ എല്ലാ പകയും ദേഷ്യവുമെല്ലാം പറഞ്ഞുതീർക്കുന്നത് ഇപ്പോൾ ഏറ്റവും എളുപ്പമുള്ള ഒരു പണിയാണ്..'' അഭിഭാഷകൻ കൂട്ടിച്ചേർത്തു.
Summary: ''My brothers married Hindus, we celebrate all festivals, my neighbor 'bringing in religion' to defame him'', Salman Khan says in defamation case against his neighbor, Ketan Kakkad.
Adjust Story Font
16