Quantcast

മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത കേസ്; സൽമാൻ ഖാൻ നേരിട്ട് കോടതിയിൽ ഹാജരാകണം

സൽമാൻ സൈക്കിളിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കയ്യേറ്റം നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-23 05:48:40.0

Published:

23 March 2022 5:45 AM GMT

മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത കേസ്; സൽമാൻ ഖാൻ നേരിട്ട് കോടതിയിൽ ഹാജരാകണം
X

മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് കോടതി നോട്ടീസയച്ചു. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെ നൽകിയ കേസിൽ ഏപ്രിൽ അഞ്ചിന് ഹാജരാകാനാണ് അന്ധേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഐ.പി.സി 504, 506 എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

2019 ഏപ്രിൽ 24 ന് പുലർച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൽമാൻ ഖാൻ സൈക്കിളിൽ പോകുമ്പോഴാണ് കൈയ്യേറ്റം നടന്നതെന്നാണ് അശോക് പാണ്ഡെ പരാതിയിൽ പറയുന്നത്. സൈക്കിള്‍ പ്രേമിയായ സല്‍മാന്‍റെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കവെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന തന്നെ വലിച്ച് പുറത്തേക്കിട്ടാണ് അംഗരക്ഷകര്‍ മര്‍ദിച്ചത്. സല്‍മാന്‍ ഖാന്‍ ആക്രമിച്ചെന്നും മൊബൈൽ ഫോൺ തട്ടിയെടുത്തെന്നും അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു.

വീഡിയോ പകര്‍ത്തുന്നതിന് മുമ്പ് താരത്തിന്‍റെ സമ്മതം ചോദിച്ചതായും അശോക് പാണ്ഡെ വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സല്‍മാന്‍ ഖാന്‍ ഭീഷണിപ്പെടുത്തി. പൊലീസില്‍ നല്‍കിയ പരാതി ഒതുക്കാന്‍ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.

അതേസമയം, സല്‍മാന്‍ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റിയത്. 1998ലാണ് കേസിനാസ്പദമായ സംഭവം. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായെത്തിയ സൽമാൻ, രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

TAGS :

Next Story