Quantcast

'എന്നെയും കുടുംബത്തെയും കൊല്ലുകയായിരുന്നു ബിഷ്‌ണോയ് സംഘത്തിന്റെ ലക്ഷ്യം': സൽമാൻ ഖാന്റെ മൊഴി പുറത്ത്‌

ബന്ധുക്കളോട് മുഴുവൻ സമയവും ജാ​ഗ്രത പാലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൽമാൻ ഖാൻ

MediaOne Logo

Web Desk

  • Published:

    25 July 2024 2:57 AM GMT

Salman Khan
X

മുംബൈ: തന്നെയും കുടുംബത്തെയും കൊല്ലാനാണ് ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്‌ണോയി വീടിന് പുറത്ത് വെടിവെപ്പ് നടത്തിയതെന്ന് നടൻ സൽമാൻ ഖാൻ.

വീടിന് നേരെ ഏപ്രിൽ 14ന് നടന്ന വെടിവെപ്പിനെക്കുറിച്ചാണ് താരത്തിൻ്റെ പ്രതികരണം. കഴിഞ്ഞ മാസം മുംബൈ ക്രൈംബ്രാഞ്ചിൻ്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സെൽ രേഖപ്പെടുത്തിയ സൽമാൻ ഖാൻ്റെ മൊഴി‌യാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും മൊഴിയില്‍ സൽമാൻ പറഞ്ഞു. 1,735 പേജുള്ള കുറ്റപത്രത്തിൽ തനിക്കും തൻ്റെ കുടുംബത്തിനും നേരെ ലോറൻസ് ബിഷ്ണോയി ഉയർത്തിയ ഭീഷണികളെക്കുറിച്ചും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളോട് മുഴുവൻ സമയവും ജാ​ഗ്രത പാലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞു.

'ഏപ്രിൽ 14ന് പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. പടക്കം പൊട്ടുന്നത് പോലെയുള്ള ഒരു ശബ്ദം ഞാൻ കേട്ടു. തുടർന്ന്, പുലർച്ചെ 4.55ന് ഗാലക്‌സി അപാർട്മെൻ്റിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിലേയ്ക്ക് പോയി, ബൈക്കിലെത്തിയ രണ്ട് പേർ തോക്കിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്ന് അംഗരക്ഷകൻ എന്നോട് പറഞ്ഞു. ഇതിനുമുൻപും എന്നെയും എൻ്റെ കുടുംബത്തെയും ഉപദ്രവിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ലോറൻസ് ബിഷ്‌ണോയി ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ എൻ്റെ ബാൽക്കണിയിലേയ്ക്ക് വെടിവെപ്പ് നടത്തിയത് ലോറൻസ് ബിഷ്‌ണോയുടെ സംഘമാണെന്ന് ഞാൻ വിശ്വസിക്കുന്നു''- ഇങ്ങനെയായിരുന്നു സല്‍മാന്‍ ഖാന്റെ മൊഴി.

മുംബൈ ബാന്ദ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തി. വെടിവെപ്പ് സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയിയും ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഉൾപ്പെടെ 17 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്.

അതേസമയം കേസുമായി ബന്ധപ്പെട്ട് ആറുപേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിലൊരാള്‍ പൊലീസ്‌ കസ്‌റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. ബാക്കിയുള്ള അഞ്ച്‌ പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം.

TAGS :

Next Story