Quantcast

സാമന്തക്ക് മയോസിറ്റിസ് രോഗം; വെളിപ്പെടുത്തി താരം

കഴിഞ്ഞ ഒരു മാസത്തോളമായി സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു

MediaOne Logo

ijas

  • Updated:

    2022-10-29 12:25:23.0

Published:

29 Oct 2022 11:24 AM GMT

സാമന്തക്ക് മയോസിറ്റിസ് രോഗം; വെളിപ്പെടുത്തി താരം
X

ന്യൂഡല്‍ഹി: ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ ബാധിച്ച രോഗം പരസ്യപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. പേശീ വീക്കം എന്നറിയപ്പെടുന്ന 'മയോസിറ്റിസ്' രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തെലുഗു ചിത്രം 'യശോദ'യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സാമന്ത തന്‍റെ രോഗവിവരം വെളിപ്പെടുത്തിയത്.

"യശോദ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ നല്‍കിയ നന്ദിയും സനേഹവുമാണ് ഞാനിവിടെ പങ്കുവെക്കുന്നത്. ആ ശക്തിയാണ് ജീവിതം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ എന്നെ സഹായിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന 'മയോസിറ്റിസ്' എന്ന രോഗം എന്നെ ബാധിച്ചതായി തിരിച്ചറിഞ്ഞു. ഇത് അല്‍പ്പമൊന്ന് ശമിച്ചതിന് ശേഷം ഇക്കാര്യം നിങ്ങളുമായി പങ്കുവെക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ രോഗം ശമിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. എല്ലായ്പ്പോഴും ശക്തരായി മുന്നില്‍നില്‍ക്കേണ്ടതില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കുന്നു. വന്നുപ്പെട്ട ദുർബലത അംഗീകരിക്കുക എന്നത് ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ രോഗം പെട്ടെന്ന് തന്നെ പൂര്‍ണമായും ഭേദമാകുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്ല ഉറപ്പുണ്ട്. ശാരീരികമായും മാനസികമായും എനിക്ക് നല്ലതും മോശവുമായ ദിവസങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ഒരു ദിവസം കൂടി എനിക്ക് ഇത് താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും എങ്ങനെയൊക്കെയോ ഓരോ നിമിഷവും കടന്നുപോകുന്നു. ഞാൻ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ ഇതില്‍ നിന്നും മനസ്സിലാക്കുന്നുള്ളൂ. ഐ ലവ് യൂ. ഈ സമയവും കടന്നുപോകും", സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ ഒരു മാസത്തോളമായി സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. യു.എസില്‍ വെച്ചാണ് ചികിത്സകള്‍ നടത്തുന്നതെന്നാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'മയോസിറ്റിസ്' രോഗം ബാധിച്ച വ്യക്തി വളരെ പെട്ടെന്ന് തന്നെ ക്ഷീണിക്കുകയും വീഴാന്‍ സാധ്യതയുള്ള ഘട്ടത്തിലെത്തി ചേരുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെയാണ് മയോസിറ്റിസ് രോഗം ബാധിക്കുക.

'അറേഞ്ച്മെന്‍റ്സ് ഓഫ് ലവ്' ആണ് സാമന്ത നായികയായി അഭിനയിക്കാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ബൈ സെക്ഷ്വല്‍ ഡിറ്റക്റ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. റൂസോ ബ്രദേഴ്സിന്‍റെ സിറ്റാഡലില്‍ സാമന്ത അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 'കാത്തുവാക്കുല രെണ്ട് കാതൽ' ആണ് സാമന്ത അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. 'യശോദ' ആണ് സാമന്ത അഭിനയിച്ച് പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാള ചലച്ചിത്ര നടന്‍ ദേവ് മോഹന്‍ അഭിനയിക്കുന്ന 'ശാകുന്തള'വും സാമന്തയുടേതായി ചിത്രീകരിക്കാനിരിക്കുന്ന സിനിമയാണ്.

TAGS :

Next Story