Quantcast

'33 മില്യണ്‍ ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു'; സാമന്തയുടെ ഹെൽത്ത് പോഡ്‍കാസ്റ്റിനെതിരെ രൂക്ഷവിമർശനം

ആരോഗ്യകാര്യങ്ങളില്‍ അറിവില്ലാത്ത ഒരാളെ വിളിച്ചുവരുത്തി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് വിമർശനം.

MediaOne Logo

Web Desk

  • Updated:

    15 March 2024 1:25 PM

Published:

15 March 2024 1:06 PM

33 മില്യണ്‍ ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു; സാമന്തയുടെ ഹെൽത്ത് പോഡ്‍കാസ്റ്റിനെതിരെ രൂക്ഷവിമർശനം
X

ചുരുങ്ങിയ കാലയളവിനുള്ളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് നടി സാമന്ത ആരംഭിച്ച ഹെൽത്ത് പോഡ്‍കാസ്റ്റ്. ആരോഗ്യ സംബന്ധമായ അറിവുകള്‍, ലൈഫ് കോച്ചിങ്, വ്യായാമം തുടങ്ങിയ വിഷയങ്ങളാണ് പോഡ്‍കാസ്റ്റിൽ ചർച്ചയാകാറുള്ളത്. നിരവധി ഫോളോവേഴ്സും പോഡ്കാസ്റ്റിനുണ്ട്. ഇപ്പോഴിതാ പോഡ്‍കാസ്റ്റിലൂടെ അശാസ്ത്രീയ വിവരങ്ങൾ പങ്കുവെച്ച് ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണമാണ് നടി നേരിടുന്നത്. മെഡിക്കൽ രം​ഗത്ത് നിന്നുതന്നെയാണ് വിമർശനമുയർന്നത്.

ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പോഡ്‍കാസ്റ്റിൽ നടി അതിഥികളായി ക്ഷണിക്കുന്നത്. ഇത്തരത്തിൽ അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തി അതിഥിയായെത്തിയ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡാണ് വിവാദങ്ങൾക്ക് കാരണമായത്. കരളിനെ ശുദ്ധീകരിക്കുന്നതിനേക്കുറിച്ചാണ് അൽക്കേഷ് പോഡ്‍കാസ്റ്റിൽ സംസാരിച്ചത്. ഡാന്‍ഡെലിയോണ്‍ പോലുള്ള സസ്യങ്ങള്‍ ഉപയോഗിച്ചാൽ കരളിലെ വിഷാംശം നീങ്ങുമെന്നും ഇയാൾ പറഞ്ഞു. ഇതിനെതിരെയാണ് മലയാളിയായ കരള്‍രോഗ വിദഗ്ധന്‍ സിറിയാക് അബ്ബി ഫിലിപ്പ് രംഗത്തുവന്നത്. 'ദ ലിവര്‍ ഡോക്' എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം.

'വെല്‍നസ് കോച്ച് പെര്‍ഫോമന്‍സ് ന്യൂട്രീഷനിസ്റ്റ് എന്ന് ഇന്‍സ്റ്റഗ്രാമില്‍ പറയുന്ന ഈ അതിഥിക്ക് മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ച് യാതൊരു അറിവും ഇല്ല. ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് ചികിത്സയ്ക്കാന്‍ പച്ചമരുന്ന് മതി എന്നത് അടക്കം തീര്‍ത്തും അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ പറയുന്നത്' എന്നാണ് വിമർശനം. വെല്‍നസ് കോച്ച് എന്ന് പറഞ്ഞ് ഈ പരിപാടിയില്‍ പങ്കെടുത്തയാള്‍ ശരിക്കും ഒരു മെഡിക്കല്‍ വിദ​ഗ്ധൻ അല്ല. അത് മാത്രമല്ല കരള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംബന്ധിച്ച് യാതൊരു അറിവുമില്ല. പരമ്പരാഗത ചികിത്സ അനുസരിച്ച് ഡാന്‍ഡെലിയോണിന് മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്താന്‍ കഴിയും. എന്നാല്‍ അത് സംബന്ധിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും ദ ലിവര്‍ ഡോക് എക്സിൽ കുറിച്ചു.

2022ല്‍ യശോദ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് സാമന്ത തനിക്ക് മയോസൈറ്റിസ് പിടിപെട്ടുവെന്ന വാർത്ത പുറത്തുവിട്ടത്. പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മയോസൈറ്റിസ്. ഇതിനുപിന്നാലെ സിനിമയിൽ നിന്ന് നടി ഇടവേളയെടുത്തിരുന്നു. തുടർന്നാണ് ഹെൽത്ത് പോഡ്‍കാസ്റ്റുമായി രംഗത്തെത്തുന്നത്.

TAGS :

Next Story