ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് സാമന്ത; ടോളിവുഡിലെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ആവശ്യം
ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെയും നിരന്തര ശ്രമങ്ങളേയും താരം അഭിനന്ദിച്ചു
ഹൈദരാബാദ്: ടോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ട് നടി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്തു കൊണ്ടു പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഡബ്ല്യു.സി.സിയുടെ പ്രവർത്തനങ്ങളെയും നിരന്തര ശ്രമങ്ങളേയും താരം അഭിനന്ദിച്ചു.
'തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകളായ ഞങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യു.സി.സിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഡബ്ല്യു.സി.സിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചുകൊണ്ട്, തെലുങ്ക് ചലച്ചിത്ര മേഖലയിലെ സ്ത്രീകൾക്ക് വേണ്ടി ദി വോയ്‌സ് ഓഫ് വിമൻ എന്ന ഗ്രൂപ്പ് 2019-ൽ രൂപീകരിച്ചിരുന്നു.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തെലങ്കാന സർക്കാരിനോട് അഭ്യർഥിക്കുന്നു. തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുന്നതിനും നയങ്ങൾ രൂപീകരിക്കുന്നതിനും ഇത് സഹായിക്കും.'- സാമന്ത സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹേമ കമ്മിറ്റിയുടെ ഉത്തരവിന് സമാനമായി ടോളിവുഡിനുള്ളിലെ ലൈംഗികാതിക്രമവും ചൂഷണവും സംബന്ധിച്ച കേസുകൾ പരിശോധിക്കാൻ 2019ൽ ഒരു സർക്കാർ കമ്മിറ്റി രൂപീകരിച്ചു. കാസ്റ്റിങ് കൗച്ച് ഒരു മിഥ്യയല്ലെന്ന് പറഞ്ഞ് നിരവധി തെലുങ്ക് അഭിനേതാക്കൾ അന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ 2022 ജൂണിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഇപ്പോളും പൊടിപിടിച്ച് കിടക്കുകയാണ്. ചലച്ചിത്ര മേഖല, വനിതാ വികസന- ശിശുക്ഷേമ വകുപ്പ്, പൊലീസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് 25ലധികം അംഗങ്ങൾ ഉൾപ്പെടുന്നതായിരുന്നു സബ് കമ്മിറ്റി.
Adjust Story Font
16