തിയറ്ററുകളില്‍ ആളില്ല, സാമ്രാട്ട് പൃഥ്വിരാജിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു
അക്ഷയ് കുമാറിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമാകും സാമ്രാട്ട് പൃഥ്വിരാജ് എന്നാണ് ആജ് തക്ക് റിപ്പോർട്ടു ചെയ്യുന്നത്.
തിയറ്ററുകളില്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമ-യാണ് സാമ്രാട്ട് പൃഥ്വിരാജിന്‍റെ പ്രദര്‍ശനം നിര്‍ത്തിവെച്ചതായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കാഴ്ച്ചക്കാറില്ലാത്തതിനാല്‍ സിനിമയുടെ മോര്‍ണിങ് ഷോകള്‍ പലയിടത്തും റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
ചിത്രം കാഴ്ച്ചക്കാരെ ആകര്‍ഷിച്ചില്ലെന്നും മുംബൈയിലടക്കം പ്രദര്‍ശനം റദ്ദാക്കിയതായും ബോളിവുഡ് ഹംഗാമ പറയുന്നു. സാമ്രാട്ട് പൃഥ്വിരാജിന് ആദ്യ ദിനം 10.7 കോടി മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. വാരാന്ത്യമായ ശനിയാഴ്ച്ച 12.6 കോടിയും ഞായറാഴ്ച്ച 16.1 കോടിയും ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നിര്‍മാതാവിന്‍റെ പെട്ടിയിലാക്കി. ജൂൺ മൂന്നിന് റിലീസ് ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ഇതുവരെ 55 കോടി മാത്രമാണ് നേടിയത്.
രജപുത് രാജാവായ പൃഥ്വിരാജ് ചവാന്‍റെ ജീവിതം പറയുന്ന ചിത്രം ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം ചെയ്തത്. 180 കോടിയാണ് ആകെ മുതൽമുടക്ക്. അക്ഷയ് കുമാറിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പരാജയ ചിത്രമാകും സാമ്രാട്ട് പൃഥ്വിരാജ് എന്നാണ് ആജ് തക്ക് റിപ്പോർട്ടു ചെയ്യുന്നത്. ഏറെ പ്രമോഷനും വലതു രാഷ്ട്രീയ പിന്തുണയ്ക്കും ശേഷമാണ് ചിത്രം തിയേറ്ററിലെത്തിയത്. അതേസമയം, സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്‍റെ തമിഴ് ചിത്രം വിക്രം 250 കോടിയോളം നേടി പ്രദർശനം തുടരുകയാണ്.
ഈയടുത്ത കാലത്ത് റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളിൽ ഭൂൽ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണ റണാവട്ടിന്റെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്സി തുടങ്ങിയ ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അതേസമയം, തെലുഗ് ചിത്രം ആർ.ആർ.ആർ, കന്നട ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.
'Samrat Prithviraj' BO Day 5: Shows Cancelled Due to Low Sales
Adjust Story Font
16