സാറ നീക്കിവെച്ച പാത്രം ഐവാനെങ്ങനെ കാലുകൊണ്ട് തട്ടി?
സാറാസ് സിനിമാ വിശേഷങ്ങളും ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങളും മീഡിയ വണുമായി പങ്കുവെച്ച് കുഞ്ഞ് അയ്സാന്‍റെ മാതാപിതാക്കള്‍.
സാറാസ് മൂവി കണ്ടവരാരും അതിലെ ഐവാനെ മറക്കില്ല. കുറച്ചൊന്നുമല്ല ഐവാന്‍ സാറയെ വട്ടം കറക്കിയത്. മൂന്നുമാസം മുതല്‍ അഭിനയരംഗത്തുണ്ട് കുഞ്ഞ് അയ്‍സാന്‍ മുഹമ്മദ്‍.. കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് മുനീറിന്‍റെയും ഷഫീലയുടെയും മകനാണ് ഈ രണ്ടര വയസ്സുകാരന്‍. മൂത്ത സഹോദരന്‍ ഹിഷാമുല്‍ ബുര്‍ഹാനും ബാലതാരമായി അഭിനയ രംഗത്തുണ്ട്. നായാട്ടില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയുടെ മകനായി അഭിനയിച്ചത് ഹിഷാമുല്‍ ബുര്‍ഹാന്‍ ആണ്.
സിനിമ സ്വപ്നം കണ്ട് നടന്ന തന്നിലേക്ക് സിനിമയെത്തിയത് മക്കളിലൂടെയാണെന്ന് മുനീര്‍ പറയുന്നു. കുഞ്ഞുങ്ങളെ അഭിനയിപ്പിക്കുന്നതില്‍ വിമര്‍ശനമുന്നയിച്ചവരെല്ലാം സാറാസ് ഇറങ്ങിയതോടെ കുഞ്ഞ് അയ്‍സാന്‍റെ ആരാധകരായി എന്നും മക്കളുടെ വലിയ ഫ്ലക്സുകള്‍ നാട്ടിലുയര്‍ന്നുവെന്നും മുനീര്‍ അഭിമാനത്തോടെ പറയുന്നു
സാറാസ് സിനിമയിലേക്ക് എത്തിയതും ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങളും എല്ലാം മീഡിയ വണുമായി പങ്കുവെക്കുകയാണ് അയ്സാന്‍റെ മാതാപിതാക്കള്‍.
സാറാസ് ലൊക്കേഷനിലെ അനുഭവങ്ങളെ എങ്ങനെയാണ് ഓര്‍ക്കുന്നത്?
പത്തു ദിവസത്തെ ഷൂട്ടാണ് സാറാസില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ടുദിവസത്തെ ഷൂട്ട് ആലുവയിലായിരുന്നു. കൊറോണ കാലവും ലോക്ക്ഡൌണും ഒക്കെയായി വീടിന് പുറത്തിറങ്ങാതിരുന്നതിന്‍റെ ഒരു അപരിചിതത്വം അവനുണ്ടായിരുന്നു.. ലൊക്കേഷനില്‍ ആദ്യമൊന്നും ആരുമായും അടുക്കാന്‍ കൂട്ടാക്കിയില്ല. പിന്നെ എല്ലാവരുമായി പരിചയമായി വന്നപ്പോഴാണ് കാര്യങ്ങളൊക്കെ ഒന്ന് കൃത്യമായത്.. അതിനുള്ള ഒരു ക്ഷമയും, മൊത്തം ലൊക്കേഷന്‍ ടീം കാണിച്ചു.
പാത്രം തട്ടുന്ന സീന്‍, കയ്യടിക്കുന്ന സീന്‍ ഒക്കെ എങ്ങനെ അയ്സാനെക്കൊണ്ട് അഭിനയിപ്പിച്ചെടുത്തു
രണ്ടുവയസ്സാണ് അപ്പോള്‍ അവന് പ്രായം.. പിറന്നാള്‍ ഒക്കെ ഷൂട്ടിംഗ് സമയത്തായിരുന്നു. ചെയ്തെടുപ്പിക്കല്‍ ശരിക്കും ബുദ്ധിമുട്ട് തന്നെയായിരുന്നു. പക്ഷേ എല്ലാവരും വെയിറ്റ് ചെയ്യും.. കൈ മുട്ടുന്ന സീനൊക്കെ എല്ലാവരും ചുറ്റും കൂടിനിന്ന് കയ്യടിച്ചും കോമഡി കാണിച്ചും എല്ലാമാണ് ഒപ്പിച്ചെടുത്തത്.. ഇതെന്താണ് ചുറ്റും നടക്കുന്നത്, ഒരു പത്തിരുപത് ആളുകള്‍ ചുറ്റും നിന്ന് കൈ കൊട്ടാന്‍ പറയുന്നു, ചിരിക്കാന്‍ പറയുന്നു- അവനാകെ അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു കുറേനേരം. മണിക്കൂറുകളാണ് ഞങ്ങളെല്ലാവരും അതിന് വേണ്ടി ശ്രമിച്ചത്... കൈ കൊട്ടിയാല്‍ ഉമ്മായെ കാണിച്ചുതരാംന്നു പറഞ്ഞു അവസാനം.. അപ്പോഴാണവന്‍ സത്യത്തില്‍ കൈ കൊട്ടിയത്.
ചിലപ്പോള്‍ ഉറങ്ങുന്ന സീനായിരിക്കും. അപ്പോള്‍ ഇവനെ ഉറക്കിയെടുക്കണം. ചിലപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്ന സീനായിരിക്കും.. അത് ശരിയായില്ലെങ്കില്‍ അടുത്തത് അവന്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കണം.. അതിനായി ആ സെറ്റ് മുഴുവന്‍ കാത്തിരിക്കേണ്ടിവന്ന സമയമൊക്കെയുണ്ടായിട്ടുണ്ട്.
ശരിക്കും നല്ല ക്ഷമയാണ് സംവിധായകന്‍ ജൂഡ് ആന്‍റണിയും മൊത്തം ക്രൂവും കാണിച്ചത്. പിന്നെ ഒരു കരയിപ്പിക്കുന്ന സീനുണ്ടായിരുന്നു.. സംവിധായകന്‍ തന്നെയാണ് ആ സമയത്ത് കരയിപ്പിച്ചത്.. സീനിന് അത് ആവശ്യമായിരുന്നു.. അദ്ദേഹം ഒന്ന് ഒച്ചയിട്ടു സംസാരിച്ചു.. അതോടെ മോന്‍ കരഞ്ഞു. കുഞ്ഞിനെ കരയിപ്പിക്കേണ്ടി വന്നതില്‍ അദ്ദേഹം വന്ന് പിന്നീട് സോറിയൊക്കെ പറയുകയാണ് ഉണ്ടായത്.
സെറ്റില്‍ അടക്കിയിരുത്താനൊക്കെ പാടായിരുന്നു... ഇറങ്ങി ഓടുകയൊക്കെ ചെയ്യും.. ഇരിക്കെട അവിടെ എന്ന് ഒന്ന് ഉച്ചത്തില്‍ പറഞ്ഞാല്‍ അവനവിടെ ഇരുന്നോളും. പിന്നെ ആരെങ്കിലുമൊക്കെ വന്ന് എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ ഇവനും അതിനനുസരിച്ച് ചെയ്തോളും. പാത്രം തട്ടുന്ന സീനൊക്കെ അങ്ങനെ കിട്ടിയതാണ്.
ആ സീന്‍ എങ്ങനെ ഇത്ര പെര്‍ഫെക്ടായി കിട്ടി?
അവനെ സോഫയിലിരുത്തി. അന്ന ബെന്‍ അപ്പുറത്തുവന്നിരുന്നു. ആ പാത്രം നീക്കി വെച്ചു.. സ്വാഭാവികമായും അവന്‍ റിയാക്ടു ചെയ്തു.. കാലുകൊണ്ട് അത് തട്ടിമാറ്റി. അതുപോലെ കാമറ ആംഗിള്‍ മാറ്റി ഷൂട്ടിംഗ് തുടര്‍ന്നപ്പോഴും ആ സീനില്‍ അവന്‍ അങ്ങനെ തന്നെ റിയാക്ട് ചെയ്തു..
മറ്റ് വര്‍ക്കുകള്‍?
ഇളയവള്‍ ഗായത്രി എന്ന ഒരു സീരിയല്‍ ചെയ്തു. പിന്നെ കറാമ സെന്ററിലെ പുതിയ ഒരു ഷോറൂമിന്റെ പരസ്യത്തില്‍ അഭിനയിച്ചു. തമിഴില്‍ ഒരു ബേബി ഷോപ്പിന്റെ പരസ്യവും ചെയ്തു.
ഗാനഗന്ധര്‍വനാണ് സിനിമയെന്ന നിലയില്‍ ഇതിന് മുമ്പ് മോന്‍ അഭിനയിച്ചിട്ടുള്ളത്. ആ സിനിമയില്‍ ബോട്ടിലെ പാട്ട് സീനില്‍ കുട്ടികള്‍ രണ്ട് പേരെയും കാണിക്കുന്നുണ്ട്.
അഭിമുഖം കാണാം:
Adjust Story Font
16