"സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം"; 'മകളുടെ' ടീസര്‍ കെ.പി.എ.സി ലളിതക്ക് സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്
'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്
ഒരിടവേളക്ക് ശേഷം മീര ജാസ്മിന്‍ മടങ്ങിയെത്തുന്ന 'മകള്‍' എന്ന സിനിമയുടെ ടീസര്‍ അന്തരിച്ച നടി കെ.പി.എ.സി ലളിതക്ക് സമര്‍പ്പിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 'മകള്‍' സിനിമയില്‍ കെ.പി.എ.സി. ലളിത ചേച്ചിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ സാധിച്ചില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കുമെന്നും, "സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം" എന്ന് പറഞ്ഞിരുന്നതായും സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രണ്ടു തലമുറകളുടെ സംഗമമാണ് പുതിയ ചിത്രമായ മകള്‍ എന്നും സത്യന്‍ അന്തിക്കാട് കുറിപ്പില്‍ പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
'മകൾ' ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും. ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു.
ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.
"സത്യാ... ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം."
ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.
'മകളു'ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെ.പി.എ.സി. ലളിതക്ക് സമർപ്പിക്കുന്നു.
'മകളില്‍' ജയറാമിന്‍റെ നായികയായിട്ടാണ് മീരാ ജാസ്മിന്‍റെ മടങ്ങിവരവ്. സെൻട്രൽ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ. രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അടക്കമുള്ള സത്യൻ അന്തിക്കാടിന്‍റെ ഹിറ്റ് ചിത്രങ്ങളിൽ മീര ജാസ്മിൻ വേഷമിട്ടിട്ടുണ്ട്. മുൻ ഡിജിപി ഋഷിരാജ് സിങ്ങ് സഹ സംവിധായകനായി വരുന്ന ചിത്രം കൂടിയാണ് മീരയുടെ പുതിയ ചിത്രം 'മകള്‍'. ചിത്രം ഏപ്രില്‍ അവസാന വാരം തിയറ്ററുകളിലെത്തും.
Adjust Story Font
16