Quantcast

'ഇസ്രായേലിന്റേത് കൂട്ടക്കൊല, വംശഹത്യ'; തുറന്നടിച്ച് ഹോളിവുഡ് നടി മെലിസ ബറേറ

മെലിസയെ സ്‌ക്രീം സിനിമാ സീരീസിൽ നിന്നൊഴിവാക്കി അണിയറ പ്രവർത്തകർ

MediaOne Logo

Web Desk

  • Published:

    22 Nov 2023 8:51 AM GMT

melissa berrrera
X

ന്യൂയോർക്ക്: ഫലസ്തീനെ പിന്തുണച്ചതിന്റെ പേരിൽ വിഖ്യാതമായ സ്‌ക്രീം സിനിമാ സീരീസിൽ നിന്ന് മെക്‌സിക്കൻ നടി മെലിസ ബറേറയെ ഒഴിവാക്കി സ്‌പൈഗ്ലാസ് മീഡിയ. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിലാണ് നടി ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചത്. ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും നടി കുറ്റപ്പെടുത്തി.

'എല്ലാ വശത്തു നിന്നും ഒതുക്കി ഗസ്സയെ കോൺസൻട്രേഷൻ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്. അവർക്ക് എവിടേക്കും പോകാനാകുന്നില്ല. വെള്ളവും വൈദ്യുതിയുമില്ല. നമ്മുടെ ചരിത്രത്തിൽനിന്ന് ആളുകൾ ഒന്നും പഠിച്ചിട്ടില്ല. ജനം സംഭവിക്കുന്നതെല്ലാം നിശ്ശബ്ദമായി നോക്കി നിൽക്കുകയാണ്. ഇത് കൂട്ടക്കൊലയാണ്. വംശഹത്യയാണ്' - ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു.

ഇസ്രായേലിലെ ജനമല്ല അവിടത്തെ ഭരണകൂടമെന്നും അവർ പറയുന്നു. എല്ലാ ഫലസ്തീനികളും ഹമാസ് അല്ല എന്നതു പോലെ എല്ലാ ഇസ്രായേലികളും ഇസ്രായേൽ ഗവൺമെന്‍റിനെ അനുകൂലിക്കുന്നില്ല. ചിലർ ചെയ്യുന്ന കാര്യത്തിന് ഒരു കൂട്ടത്തെ കുറ്റപ്പെടുത്തുന്നില്ല, വെറുക്കുന്നുമില്ല. ബുദ്ധിമുട്ടുള്ള സമയത്ത് ജൂതർക്കൊപ്പം നിന്നയാളാണ് താൻ. അവരുടെ വേദനയും ഭയവും ഉൾക്കൊണ്ടിട്ടുണ്ട്. ആരും പീഡനത്തിന് വിധേയരാകരുത്. സർക്കാർ ചെയ്യുന്നത് എല്ലാ ഇസ്രായേലികളും അനുകൂലിക്കുന്നില്ല എന്നറിയാം. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു- അവർ കുറിച്ചു.



സെമിറ്റിക് വിരുദ്ധതയോട് ഒരു സഹിഷ്ണുതയുമില്ലെന്ന് പറഞ്ഞാണ് മെലിസയെ സ്‌ക്രീം 7 സിനിമയിൽനിന്ന് പുറത്താക്കിയത്. കൂട്ടക്കൊല, വംശഹത്യ തുടങ്ങിയ വാക്കുകൾ തെറ്റായ പരാമർശങ്ങളാണെന്നും സ്‌പൈ ഗ്ലാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്രിസ്റ്റഫർ ലാൻഡണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2022ൽ പുറത്തിറങ്ങിയ സ്‌ക്രീം, 2023ൽ റിലീസ് ചെയ്ത സ്‌ക്രീം 6 എന്നിവയിലെ പ്രധാന കഥാപാത്രമായിരുന്നു മെലിസ. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്ത സ്‌ക്രീം 6 ബോക്‌സ് ഓഫീസിൽ നിന്ന് 168.9 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയിരുന്നത്. സ്‌ക്രീം 137.7 മില്യണും നേടിയിരുന്നു.

TAGS :

Next Story