Quantcast

ഒറ്റയ്ക്ക് പ്രതിഷേധിക്കാൻ വന്ന സംവിധായികയെ തൂക്കിയെടുത്ത് കൊണ്ടുപോയത് ജനാധിപത്യപരമല്ല: ദീദി ദാമോദരന്‍

ചലച്ചിത്രോത്സവത്തിൽ നിന്ന് കുഞ്ഞിലയുടെ സിനിമയായ ‘അസംഘടിതർ’ ഒഴിവാക്കിയത് ശരിയായില്ലെന്നും ദീദി

MediaOne Logo

Web Desk

  • Published:

    20 July 2022 2:41 AM GMT

Hema committee report hoarding to answer: Didi Damodaran, latest news malayalam ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചതിൽ ഉത്തരം പറയണം: ദീദി ദാമോദരൻ
X

കോഴിക്കോട് നടന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിനിടെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയ സംവിധായിക കുഞ്ഞില മാസിലാമണിക്ക് പിന്തുണയുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ. ചലച്ചിത്രോത്സവത്തിൽ നിന്ന് കുഞ്ഞിലയുടെ സിനിമയായ 'അസംഘടിതർ' ഒഴിവാക്കിയത് ശരിയായില്ലെന്നും ദീദി ഫേസ് ബുക്കില്‍ കുറിച്ചു.

സിനിമകൾ തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്ന് അന്വേഷിക്കാറുണ്ടെങ്കിലും അക്കാദമി അംഗമായിട്ടുപോലും തനിക്കതറിയാനായിട്ടില്ലെന്ന് ദീദി വ്യക്തമാക്കി. അസംഘടിതര്‍ക്കു പുറമേ കാവ്യ പ്രകാശിന്റെ വാങ്ക്, രത്തീനയുടെ പുഴു എന്നീ ചിത്രങ്ങളും ഈ മേളയിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. കുഞ്ഞില നടത്തിയ സമരം കൈകാര്യംചെയ്ത രീതി അന്യായവും പ്രതിഷേധാർഹവുമാണ്. ഒറ്റയ്ക്ക് പ്രതിഷേധിക്കാൻവന്ന സംവിധായികയെ തൂക്കിയെടുത്ത് പൊലീസ് വാനിലിട്ട് കൊണ്ടുപോയ രീതി ഒരു തരത്തിലും ജനാധിപത്യപരമല്ലെന്നും ദീദി ദാമോദരന്‍ വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ഏറെ കാത്തിരുന്ന വനിതാ ചലച്ചിത്രോത്സവത്തിന്‍റെ മൂന്നാമത്തെ എഡിഷൻ കോഴിക്കോട്ട് തുടങ്ങും മുമ്പ് സംഭവിച്ച സ്ഥലം മാറ്റം കാരണം ആദ്യ സംഘാടക സമിതി യോഗങ്ങൾക്ക് ശേഷം എനിക്കതിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല.

എന്തുകൊണ്ട് തന്‍റെ സിനിമ ഈ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യം കുഞ്ഞില എന്നെക്കൂടി ടാഗ് ചെയ്ത് ഒരു എഫ്.ബി പോസ്റ്റിൽ ഉന്നയിച്ചു കണ്ടു.

അന്വേഷിച്ച് അറിയിക്കാമെന്ന് മറുപടി കൊടുത്ത് അന്നു തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളോട് വിശദീകരണം തേടിയതാണ്.

അത് കുഞ്ഞിലയെ നേരിട്ട് അറിയിച്ചു കൊള്ളാം എന്ന മറുപടിയാണ് കിട്ടിയത്.

കുഞ്ഞില മാത്രമല്ല വി.കെ.പ്രകാശും ഐ.എഫ്.എഫ്. കെ.യിൽ തിരഞ്ഞെടുക്കപ്പെട്ട തന്റെ മകൾ കാവ്യ പ്രകാശിന്റെ "വാങ്ക് " എന്തേ കണ്ടില്ല എന്നു ചോദിച്ചു , എന്താണ് തിരഞ്ഞെടുക്കപ്പെടാതെ പോയതിന്റെ മാനദണ്ഡമെന്നന്വേഷിച്ചു.

ഞാൻ ആ തിരഞ്ഞെടുപ്പ് സമിതിയിൽ ഇല്ലെന്നേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ.

ഈ വനിതാ ഫിലിം ഫെസ്റ്റിവലിൽ "വാങ്ക് " മാത്രമല്ല രത്തീനയുടെ " പുഴു "വും പ്രദർശനം അർഹിക്കുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.

കോഴിക്കോട്ടു നടന്ന കഴിഞ്ഞ രണ്ടു വനിതാ ഫെസ്റ്റിവലിന്റെയും ഭാഗമായിരുന്നു ഞാൻ.

ഒരു വട്ടം ഫെസ്റ്റിവൽ ഡയറക്ടറും അക്കാദമി അംഗമായിട്ടു പോലും സിനിമകൾ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങിനെയെന്ന് അന്വേഷിക്കാറുണ്ടെങ്കിലും അറിയാൻ എനിക്കായിട്ടില്ല. ഞാനതിന്റെ ഭാഗവുമല്ലായിരുന്നു.

വിജിയുടെ നേതൃത്വത്തിൽ പെൺകൂട്ട് കോഴിക്കോട്ട് മിഠായിത്തെരുവിൽ അസംഘടിതരായ സ്ത്രീകളെ സംഘടിപ്പിച്ച് പോരാടിയപ്പോഴൊക്കെ ഞാൻ ഒപ്പമുണ്ടായിരുന്നു.

വലിയേട്ടന്മാർ നയിക്കുന്ന വലിയ ട്രേഡ് യൂണിയനുകൾ അസംഘടിതരായ തൊഴിലാളി സ്ത്രീകൾ മുന്നോട്ടു വെച്ച അടിസ്ഥാന പ്രശ്നങ്ങൾ (ഒന്നിരിക്കാനും മൂത്രമൊഴിക്കാനും ) കാണാതെ പോകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് വിജിയുടെ നേതൃത്വത്തിലുള്ള പൂർവ്വമാതൃകകളില്ലാത്ത ട്രേയ്ഡ് യൂണിയൻ പെൺ കൂട്ടായ്മയായി പിറവിയെടുക്കുന്നത്.

ആ പെൺകൂട്ടായ്മയുടെ ഓരോ സമരവും എന്റെയും സമരമാണ്.

ആ സമരങ്ങളിൽ കുഞ്ഞിലയുടെ അമ്മ സേതുവും ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത് ഗംഭീരമായി അടയാളപ്പെടുത്തിയ കുഞ്ഞിലയുടെ "അസംഘടിതർ " എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

കോഴിക്കോട്ടെ മൂന്നാമത് വനിതാ ചലച്ചിത്രോത്സവത്തിൽ അത് ഉണ്ടാവണമായിരുന്നു എന്നു തന്നെയാണ് എന്റെ ആഗ്രഹം, അഭിപ്രായം .

അത് ഉൾപ്പെടുത്താതിരുന്നതിന് എതിരെ കുഞ്ഞില നടത്തിയ സമരം കൈകാര്യം ചെയ്ത വിധം അന്യായവും പ്രതിഷേധാർഹമാണ്.

ഒറ്റക്ക് പ്രതിഷേധിക്കാൻ വന്ന സംവിധായികയെ തൂക്കിയെടുത്ത് പൊലീസ് വാനിലിട്ട് കൊണ്ടുപോയ രീതി, ഒരു നിലക്കും ജനാധിപത്യപരമല്ല.

അവളെ കേൾക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാവണമായിരുന്നു.

ഇത്തരം പ്രതിഷേധങ്ങൾ ആദ്യത്തെ സംഭവമല്ല.

ഐ.എഫ്.എഫ്. കെ.യിൽ നിന്നും മാറിനിന്നു കൊണ്ട് സുരഭി നടത്തിയ പ്രതിഷേധമുൾപ്പെടെ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം അതിൽ ഇടപെടുകയും പരിഹരിക്കാൻ മുൻകൈ എടുക്കുകയും ചെയ്തിട്ടുള്ളതാണ്.

മിഠായിത്തെരുവിലെ അസംഘടിത തൊഴിലാളി സ്തീകളുടെ ഇരിക്കുവാനുള്ള പോരാട്ടത്തെ ആദ്യമായി ഡോക്യുമെന്റ് ചെയ്തത് എന്റെ മകൾ മുക്തയുടെ "റൈസ് " എന്ന ഹൃസ്വ ചലച്ചിത്രമായിരുന്നു. അന്ന് പുറത്ത് വരാൻ പോലും ധൈര്യമില്ലാതിരുന്ന അവസ്ഥയിൽ സ്ത്രീ തൊഴിലാളികളെ രഹസ്യമായി അവരുടെയൊക്കെ വീട്ടിൽ ചെന്ന് കണ്ട്, മുഖം മറച്ച നിലയിലാണ് ഡോക്യുമെന്റ് ചെയ്തത്. ബി.സി.സി. ടീം കോഴിക്കോട്ടെത്തിയപ്പോൾ വിജിയുടെ തർജമക്കാരിയായും മുക്ത ഒപ്പമുണ്ടായിരുന്നു.

എന്നാൽ തുടർന്നു കോഴിക്കോട്ടു നടന്ന ഒരു ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ പല തവണ കാണിച്ച ഡോക്യുമെന്ററികളും കാലങ്ങൾക്ക് മുമ്പെടുത്ത ഹൃസ്വചിത്രങ്ങളും ഉൾപ്പെടുത്തിയപ്പോൾ പോലും " റൈസ് " അതിൽ പരിഗണിക്കാതെ പോയത് വ്യക്തിപരമായി ദുഃഖിപ്പിച്ചെരുന്നെങ്കിലും പ്രതിഷേധിച്ചിരുന്നില്ല , അതൊരു ജൂറിയുടെ തീരുമാനമായി മാനിക്കുകയും ഫെസ്റ്റിവലിനൊപ്പം നിൽക്കുകയുമാണ് ചെയ്തത്.

മുക്തയുടെ ഡോക്യുമെൻ്ററി ഉൾപ്പെടുത്താത്തതിരുന്നതിലായിരുന്നില്ല വിഷമം. ആ സമരത്തിൻ്റെ പ്രസക്തി സ്ത്രീകളടങ്ങിയ ആ ജൂറിക്ക് തിരിച്ചറിയാനായില്ലല്ലോ എന്നോർത്തായിരുന്നു.

അതറിയാൻ, വിജിയെയും അവൾ നയിച്ച സമരത്തെയും കാണാൻ ബിബിസിയുടെ ഫ്ലാഷ് ലൈറ്റ് വേണ്ടി വന്നു പലർക്കും.

ഇക്കഴിഞ്ഞ വനിത ചലച്ചിത്രോത്സവത്തിന് അതും മതിയാവാതെ വന്നു എന്നു വേണം കരുതാൻ.

ഇത്തരം ഫെസ്റ്റിവലുകൾ സ്ത്രീകൾക്ക് അവകാശപ്പെട്ട ഇത്തിരി ഇടമാണെന്നും വിട്ടു നിൽക്കലല്ല ഏറ്റെടുക്കുകയാണ് വേണ്ടത് എന്നുമാണ് എൻ്റെ നിലപാട്.

ഒരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലക്കുള്ള നീതി ബോധം എന്നെ നിർത്തുന്നത് കുഞ്ഞിലക്കൊപ്പമാണ്. നിയമസഭയിൽ വിധവയുടെ വിധിയെന്ന് വിളിച്ച് അപഹസിക്കുമ്പോൾ അത് കെ.കെ. രമക്കൊപ്പമാണ് ,

ദില്ലിയിലല്ലേ അവർ ഒണ്ടാക്കുന്നത് എന്ന് പരിഹസിക്കുമ്പോൾ ഞാൻ ആനിരാജക്കൊപ്പമാണ്.

ഏറെ ബഹുമാനവും ബന്ധവും ഉണ്ടായിരുന്ന സിവിക്കിനും സുധീഷിനും എതിരെ പരാതി ഉയർത്തിയവർക്കൊപ്പമാണ് .

അതെ, എന്നും #അവൾക്കൊപ്പം .

ബലാത്സംഗം അന്തസ്സുള്ള പ്രവൃത്തിയും അതിനെ വിമർശിക്കുന്നതാണ് അന്തസ്സില്ലാത്ത കാര്യം എന്നും കരുതുന്നിടത്ത് കുഞ്ഞിലയുടെ വികൃതി മാപ്പർഹിക്കുന്നില്ല.

TAGS :

Next Story