''എന്‍റെ ഒരു ഫോട്ടോ കണ്ടാല്‍, ആ കഥാപാത്രത്തിന്‍റെ പേര് പ്രേക്ഷകരുടെ മനസ്സിലെത്തണമെന്നാണ് ആഗ്രഹം''
വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ. ഉടുമ്പിലെ സിമിട്ട് അനിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്…
നടന് സെന്തില്‍ കൃഷ്ണയുടെ സിനിമാ ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായതും മികച്ചതുമായ കഥാപാത്രമാണ് ഉടുമ്പിലെ സിമിട്ട് അനി.. പ്രണയവും ഇമോഷനും എല്ലാം ചേര്‍ന്ന് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറം നില്‍ക്കുന്ന പ്രമേയമാണ് എന്നതാണ് മറ്റ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് ഉടുമ്പിനെ വ്യത്യസ്തമാക്കുന്നത്. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ വിശേഷങ്ങളും സിമിട്ട് അനിയെ കുറിച്ചുള്ള വിശേഷങ്ങളും മീഡിയവണ്‍ ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ.
എങ്ങനെയാണ് സിമിട്ട് അനിയിലേക്ക് എത്തുന്നത്?
ചെയ്യുന്ന കഥാപാത്രമേതായാലും അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെയും വൈറസിലെയും വേഷങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇനി ഒരു നായക വേഷം ചെയ്യുകയാണെങ്കില്‍ അതിലെന്തെങ്കിലും ഒരു പുതുമ വേണമെന്ന് അത്രയും ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്നു കിട്ടിയതാണ് ഉടുമ്പിലെ സിമിട്ട് അനി.
ഇതൊരു നടന്ന കഥയാണ്. തിരക്കഥാകൃത്തുക്കളിലൊരാളുടെ കുട്ടുകാരന്‍റെ ജീവിതമാണ്. അതിനെ സിനിമയ്ക്ക് വേണ്ടി മാറ്റുകയായിരുന്നുവെന്നുമാത്രം. എഴുത്തുകാരായ അനീഷും ശ്രീജിത്തും കഥ പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള കാരക്ടറായിരുന്നു അനി. ഒരു പാവംപിടിച്ച കാരക്ടറല്ല, ഒരു ലോക്കല്‍ ഗുണ്ട.. ആ ഗുണ്ട കടന്നുപോകുന്ന ചില മാനസിക സംഘര്‍ഷങ്ങളുണ്ട്. ഞാനെന്ന നടന് പെര്‍ഫോം ചെയ്യാനുള്ള ഒരു സ്പേസ് അതിലുണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. സിമിട്ട് അനിക്ക് പ്രത്യേക ബോഡി ലാംഗേജ് ആണ്.. ആറ്റിറ്റ്യൂഡ് ആണ്.. വര്‍ക്ക് ഔട്ട് ചെയ്ത് നാലഞ്ച് കിലോ കുറച്ചാണ് സിമിട്ട് അനിയായി മാറിയത് പോലും.
ചിത്രത്തിന്‍റെ സംവിധായകനായ കണ്ണന്‍ താമരക്കുളവും തിരക്കഥാകൃത്തുകളും കഥാപാത്രത്തെ കുറിച്ച് കൃത്യമായ ചിത്രം തന്നിരുന്നു. പിന്നെ ഞാനാ കഥാപാത്രത്തെ മനസ്സിലിട്ടു കൊണ്ടുനടന്നു.. ചുറ്റുമുള്ള മനുഷ്യരെ നിരീക്ഷിച്ചു.. അതിന് ശേഷം നമ്മുടേതായ ചില മാനറിസങ്ങളും ആറ്റിറ്റ്യൂഡും സിമിട്ട് അനിക്ക് കൊണ്ടുവരികയായിരുന്നു. ആ ഒരു സ്വാതന്ത്ര്യവും, വേണ്ട തിരുത്തലുകളും നല്‍കി സംവിധായകനും തിരക്കഥാകൃത്തുക്കളും കൂടെ നിന്നു.
പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണമെന്താണ്?
ഫസ്റ്റ് ഷോ തന്നെ തീയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് ഞാന്‍ കണ്ടത്. നെഗറ്റീവ് ഷേഡുള്ള എന്‍റെ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സിമിട്ട് അനിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തെ അവര്‍ സ്വീകരിച്ചു. ഈ കാരക്ടര്‍ നെഗറ്റീവ് ആണെങ്കിലും അയാളില്‍ ഒരു പോസിറ്റീവ് ഉണ്ട്. തീയേറ്ററില്‍ എന്‍റെ ചില സീനിന് പ്രേക്ഷകര്‍ തന്ന കയ്യടി ശരിക്കും എനിക്ക് നല്ല ഊര്‍ജമാണ് നല്‍കിയത്.
ആക്ഷന്‍, കോമഡി,ക്യാരക്ടര്‍- ഏതുതരം വേഷങ്ങളോടാണ് കൂടുതല്‍ ഇഷ്ടം?
നല്ലൊരു കഥാപാത്രത്തിനായി തന്നെയാണ് ഞാനെപ്പോഴും കാത്തിരിക്കാറുള്ളത്. ഞാനെന്ന നടന് ചെയ്യാനെന്തെങ്കിലും ഉള്ള കഥാപാത്രമാകണം. നമുക്ക് ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ, അത് ഓരോന്നും വ്യത്യസ്തമാകണമെന്നും. എന്‍റെ പത്ത് സിനിമകള്‍ എടുത്തുവെച്ചാല്‍ ആ പത്തിലും എന്‍റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം. എന്‍റെ ഒരു ഫോട്ടോ കണ്ടാല്‍ പോലും അത് ഞാന്‍ ഇന്ന സിനിമയില്‍ ചെയ്ത കഥാപാത്രമാണ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.
ഏത് കഥാപാത്രവും അയാള്‍ക്ക് വഴങ്ങുമ്പോഴാണ് അയാളൊരു മികച്ച നടനാകുന്നത്. അതായത് ഒരു ആക്ടര്‍ എന്നാല്‍ വെള്ളംപോലെയാകണം. പരന്ന പാത്രത്തിലാകുമ്പോള്‍ ആ ആകൃതി. കുപ്പിയിലാകുമ്പോള്‍ ആ ആകൃതി... ഫ്ലെക്സിബിളായിട്ട് എല്ലാ കഥാപാത്രവും ചെയ്യാന്‍ ഒരു ആക്ടര്‍ക്ക് കഴിയണം.. ഒരു കഥാപാത്രം നമ്മളെ തേടി വന്നാല്‍ അത് ചെയ്യാന്‍ നമ്മള്‍ ശ്രമിക്കുക. വിജയിക്കുമോ, പരാജയപ്പെടുമോ എന്നത് പിന്നെ വരുന്ന കാര്യമാണ്.. അവസരങ്ങള്‍ വളരെ അപൂര്‍വമായേ നമ്മളെ തേടി വരികയുള്ളൂ. വരുന്ന അവസരങ്ങളെ ഏറ്റെടുക്കുക… വിജയിപ്പിക്കാന്‍ ശ്രമിക്കുക, അതിനായി കഠിനാധ്വാനം ചെയ്യുക. പറ്റില്ലെന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കുക.
പുതിയ പ്രൊജക്ടുകള്‍
രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, തുറമുഖവും… രണ്ടിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്… ഒന്നിലൊരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുള്ള പൊലീസ് വേഷമാണ്.. മരട് പ്രമേയമായിവരുന്ന വിധിയിലും നല്ലൊരു വേഷമാണ്. പിന്നെ പത്തൊമ്പതാം നൂറ്റാണ്ട്, പുള്ളി, ഇടി മഴ കാറ്റ് അങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി വേഷങ്ങള്‍ പുറത്തുവരാനുണ്ട്.
Adjust Story Font
16