Quantcast

'പലരും മുഖം തിരിച്ചപ്പോള്‍ ഷാരൂഖ് ഖാന്‍ എന്നും ഞങ്ങളെ സഹായിച്ചു': ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍

ഷാരൂഖിന്‍റെ സഹായമില്ലായിരുന്നുവെങ്കില്‍ ചികിത്സാ ചെലവ് തനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് തനൂജ

MediaOne Logo

Web Desk

  • Published:

    9 April 2023 2:41 AM GMT

Shah Rukh Khan met acid attack survivors in Kolkata
X

കൊല്‍ക്കത്ത: ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. ഷാരൂഖിന്‍റെ സന്നദ്ധ സംഘടനയായ മീർ ഫൗണ്ടേഷന്‍റെ സഹായങ്ങള്‍ക്ക് അതിജീവിതര്‍ നന്ദി പറഞ്ഞു.

ഐ.പി.എല്‍ മത്സരം കാണാൻ എത്തിയതായിരുന്നു ഷാരൂഖ് ഖാന്‍. തിരിച്ചുപോകുന്നതിനു മുന്‍പാണ് കൊൽക്കത്തയിലുള്ള ആസിഡ് അതിജീവിതരെ നേരില്‍ കാണാനെത്തിയത്. ആസിഡ് അതിജീവിതരുടെ വിദ്യാഭ്യാസം, ചികിത്സ, ജോലി എന്നിവ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന ബ്രേവ് സോള്‍സ് ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായ അതിജീവിതരെയാണ് ഷാരൂഖ് സന്ദര്‍ശിച്ചത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവ് ഷാരൂഖിന്‍റെ സന്നദ്ധ സംഘടനയായ മീര്‍ ഫൌണ്ടേഷന്‍ വഹിച്ചിട്ടുണ്ട്. പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ ഓര്‍മയ്ക്കായി ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്‍. സേവന പ്രവർത്തനങ്ങളിൽ സജീവമായ മീർ ഫൗണ്ടേഷൻ സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

സൌത്ത് പര്‍ഗാനാസില്‍ നിന്നുള്ള തനൂജ ഖാതുന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ഷാരൂഖിന് നന്ദി അറിയിച്ചു. ഷാരൂഖിന്‍റെ സഹായമില്ലായിരുന്നുവെങ്കില്‍ ചികിത്സാ ചെലവ് തനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് തനൂജ പറഞ്ഞു.

"മീർ ഫൗണ്ടേഷൻ ആസിഡ് അതിജീവിതര്‍ക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഷാരൂഖിന്റെ സഹായം അവരുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റം വരുത്തിയെന്ന് അവരിൽ നിന്നു തന്നെ അദ്ദേഹം കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചു"- ബ്രേവ് സോൾസ് ഫൗണ്ടേഷന്റെ ബംഗാൾ ചാപ്റ്ററിന്റെ കോർഡിനേറ്റർ അപരാജിത ബോസ് പറഞ്ഞു.

"ഞങ്ങൾ ഒറ്റപ്പെടലും ബഹിഷ്കരണവും നേരിട്ടിരുന്നു. ഞങ്ങളോട് മുഖം തിരിച്ചവരുമുണ്ട്. എന്നാൽ ഷാരൂഖ് ഖാൻ ഞങ്ങള്‍ക്കായി ഉണ്ടായിരുന്നു. ഞങ്ങളെ അദ്ദേഹം അത്രത്തോളം പരിഗണിച്ചു"- ആസിഡ് ആക്രമണത്തെ അതിജീവിച്ച സുനിത ദത്ത പറഞ്ഞു.

Summery- Shah Rukh Khan meets acid attack survivors in Kolkata

TAGS :

Next Story