ഇരട്ടകുട്ടികൾക്ക് പഠാൻ, ജവാൻ എന്ന് പേരിടാൻ ആഗ്രഹിക്കുന്നുവെന്ന് ആരാധിക: ഷാരൂഖ് ഖാന്റെ മറുപടി...
ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. 1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.
മുംബെെ: ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. ഈ ദിവസം ആരാധകരുമായി ആഘോഷിക്കാൻ ആസ്ക് എസ് ആർ കെ (AskSRK) സെഷൻ താരം സംഘടിപ്പിച്ചിരുന്നു. പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജനിക്കാൻ പോകുന്ന തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്ന് യുവതി പറഞ്ഞിരുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ദീവാനയിൽ റിഷി കപൂർ, ദിവ്യ ഭാരതി എന്നിവർക്കൊപ്പമാണ് ഷാരൂഖ് വേഷമിട്ടത്. “ദീവാന തിയേറ്ററിലെത്തിയിട്ട് 31 വർഷം പിന്നിടുന്നു. ഇതുവരെ വളരെ നല്ലൊരു യാത്രയായിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി, ഒരു മുപ്പത്തിയൊന്ന് മിനുട്ട് നേരത്തേയ്ക്ക് നമ്മുക്കൊരു #ആസ്ക് എസ് ആർ കെ സെഷൻ ചെയ്താലോ?,” ഷാരൂഖ് കുറിച്ചു.
“സർ, ഞാൻ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ്. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” യുവതി കുറിച്ചു. “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്” ഷാരൂഖ് പറഞ്ഞു.
ആദ്യ ചിത്രത്തിലെ ഓർമകൾ പങ്കുവയ്ക്കാനായി ആവശ്യപ്പെട്ടപ്പോൾ, ദിവ്യാജിയ്ക്കും രജ്ജിയ്ക്കുമൊപ്പം പ്രവർത്തിക്കാനായത് ഏറെ സന്തോഷം എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചിത്രത്തിൽ ഷാരൂഖിന്റെ ആദ്യ ഷോർട്ട് കൂട്ടുകാർക്കൊപ്പം ബൈക്കിൽ വരുന്നതാണ്. നിങ്ങളുടെ തന്നെ ആ രാജകീയ വരവ് കാണുമ്പോൾ ഇപ്പോഴെന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് മുപ്പത്തിയൊന്ന് വർഷങ്ങളായെങ്കിലും ഇന്നും ആ രംഗങ്ങൾ എനിക്ക് രോമാഞ്ചം നൽകുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. എന്നാൽ ഒരു ഹെൽമറ്റ് ധരിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സർ പ്രധാന മന്ത്രീ നരേന്ദ്ര മോദി യു എസിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത് ‘ചയ്യ ചയ്യ’ എന്ന ഗാനമാണ്. അതിനെ കുറിച്ച് സാറിന് എന്തു തോന്നുന്നു?” ഒരാൾ കുറിച്ചു. “എനിക്ക് നൃത്തം ചെയ്യണമെന്ന് തോന്നി പക്ഷെ അങ്ങോട്ടേയ്ക്ക് ട്രെയിൻ കയറ്റിവിടില്ലലോ?” ഷാരൂഖിന്റെ മറുപടി നൽകി.
ഒരുപാട് നല്ല നിമിഷങ്ങൾ പലർക്കും സമ്മാനിക്കാൻ സാധിച്ചു എന്നതാണ് കരിയറിൽ അഭിമാനം തോന്നിയ കാര്യമെന്നും ഷാരൂഖ് പറഞ്ഞു. ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുക. കുടുംബത്തെയും അതോടൊപ്പം സ്നേഹിക്കുക എന്നാണ് തനിക്ക് നിങ്ങളോട് പറയാനുളളതെന്ന് ഷാരൂഖ് ആരാധകരോട് പറഞ്ഞു.
ഷാരൂഖിന്റെ പുതിയ സിനിമ ജവാൻ സെപ്തംബർ 7 ന് തിയേറ്ററുകളിലെത്തുകയാണ്. അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.
Adjust Story Font
16