Quantcast

'മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് തോന്നുന്നു, ടൂള്‍കിറ്റ് സംഘം സജീവമായിട്ടുണ്ട്': ജൂറി തലവന്‍റെ പരാമര്‍ശം ലജ്ജാകരമെന്ന് അനുപം ഖേര്‍

നുണ സത്യത്തേക്കാള്‍ ചെറുതാണെന്ന് അനുപം ഖേര്‍

MediaOne Logo

Web Desk

  • Published:

    29 Nov 2022 6:05 AM GMT

മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് തോന്നുന്നു, ടൂള്‍കിറ്റ് സംഘം സജീവമായിട്ടുണ്ട്: ജൂറി തലവന്‍റെ പരാമര്‍ശം ലജ്ജാകരമെന്ന് അനുപം ഖേര്‍
X

ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെ പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപഗൻഡ) സിനിമയെന്നും അപരിഷ്കൃത സിനിമയെന്നും ഐ.എഫ്.എഫ്.ഐ ജൂറി തലവന്‍ വിശേഷിപ്പിച്ചത് ലജ്ജാകരമെന്ന് നടന്‍ അനുപം ഖേര്‍. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് ജൂറി ചെയര്‍പേഴ്സണ്‍ നാദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

''രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപഗൻഡ) സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്‍റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി. ഈ വേദിയില്‍ ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നി. വിമര്‍ശനങ്ങള്‍ സ്വീകരിക്കുക എന്നതു കലയിലും ജീവിതത്തിലും അത്യന്താപേക്ഷിതമാണ്''– നാദവ് ലാപിഡ് പറഞ്ഞു.

പിന്നാലെയാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അനുപം ഖേര്‍ മറുപടിയുമായി രംഗത്തെത്തിയത്- "ഇത്തരമൊരു പ്രസ്താവനയിലൂടെ അദ്ദേഹം ഈ ദുരന്തം നേരിട്ടവരെ വേദനിപ്പിച്ചു. കൂട്ടക്കൊല ശരിയാണെങ്കിൽ, കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന് തോന്നുന്നു. പിന്നാലെ ടൂള്‍കിറ്റ് സംഘം സജീവമായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ ദുരന്തം, വേദിയില്‍ തന്റെ ലക്ഷ്യം നിറവേറ്റാൻ ഉപയോഗിക്കാതിരിക്കാൻ ദൈവം അദ്ദേഹത്തിന് വിവേകം നൽകട്ടെ" എന്നാണ് എഎന്‍ഐയോട് അനുപം ഖേര്‍ പ്രതികരിച്ചത്. നുണ എത്ര വലുതാണെങ്കിലും ശരി സത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ അത് എല്ലായ്പ്പോഴും ചെറുതാണെന്ന് അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കം പങ്കെടുത്ത ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് ഇസ്രായേൽ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നാദവ് ലാപ്പിഡ് കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ചത്. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനമാണ് കശ്മീര്‍ ഫയല്‍സിന്‍റെ പ്രമേയം. വിവേക് അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തത്. സംഘ്പരിവാര്‍ വീക്ഷണകോണിലുള്ള സിനിമയാണിതെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രബര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും നികുതി ഒഴിവാക്കിയിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ ചിത്രം ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സര വിഭാഗത്തിലുമാണ് സിനിമ ഉള്‍പ്പെടുത്തിയത്.



TAGS :

Next Story