മയക്കുമരുന്ന് നിറച്ച ട്രോഫിയുമായി ഷാര്‍ജയില്‍ അറസ്റ്റിൽ; ബോളിവുഡ് നടിയെ ലഹരിക്കേസിൽ കുടുക്കിയ സംഘം പിടിയിൽ
ഷാർജ സെൻട്രൽ ജയിലിലാണ് ബോളിവുഡ് താരം ക്രിസൻ പെരേര ഇപ്പോള്‍ കഴിയുന്നത്
മുംബൈ: ബോളിവുഡ് താരം ക്രിസൻ പെരേരയെ ദുബൈയിൽ മയക്കുമരുന്ന് കടത്തുകേസിൽ കുടുക്കിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിൽ വച്ചാണ് പ്രതികളെ ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് നിറച്ച ട്രോഫിയുമായി യു.എ.ഇയിൽ പിടിയിലായ ക്രിസൻ നിലവിൽ ഷാർജയിൽ ജയിലിൽ കഴിയുകയാണ്.
മുംബൈയിലെ ബോറിവാളി സ്വദേശി ആന്തണി പോൾ, ഇയാളുടെ കൂട്ടാളി മഹാരാഷ്ട്രയിലെ സിന്ദുദുർഗ് സ്വദേശിയായ രാജേഷ് ബബോട്ടെ എന്ന രവി എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ദുബൈയിലേക്ക് പോയ ക്രിസനിനെ മയക്കുമരുന്ന് നിറച്ച ട്രോഫി കൈമാറിയാണ് സംഘം കുരുക്കിയത്.
ഏപ്രിൽ ഒന്നിനാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ക്രിസൻ പെരേരയെ കസ്റ്റംസ് സംഘം പിടികൂടുന്നത്. നടിയുടെ കൈവശമുണ്ടായിരുന്ന ട്രോഫിക്കകത്ത് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഒരു അന്താരാഷ്ട്ര വെബ്‌സീരീസിൽ അവസരമുണ്ടെന്നു പറഞ്ഞാണ് പ്രതികൾ നടിയെ ദുബൈയിലേക്ക് അയയ്ക്കുന്നത്. ഓഡിഷൻ ദുബൈയിലാണ് നടക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.
നേരത്തെ ക്രിസൻ പെരേരയുടെ അമ്മയുടെ ഫോണിൽ ബന്ധപ്പെട്ടാണ് മകൾക്ക് മികച്ചൊരു അവസരമുണ്ടെന്നു പറഞ്ഞ് പ്രതികളിൽ ഒരാൾ വിളിക്കുന്നത്. പിന്നീട് ഇവരെ ക്രിസൻ ബന്ധപ്പെടുകയും പലതവണ മുംബൈയിൽ വച്ച് നേരിൽകാണുകയും ചെയ്തു. ദുബൈയിലേക്ക് തിരിക്കുന്നതിന്റെ തലേന്നാൾ മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് ഇവർ വീണ്ടും കണ്ടു. ദുബൈയിൽ ഒരാൾക്കു നൽകണമെന്ന് ആവശ്യപ്പെട്ട് ട്രോഫി നടിയെ ഏൽപിക്കുകയും ചെയ്തു.
ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് ഇതു തനിക്കുള്ള കുരുക്കായിരുന്നുവെന്ന് നടി തിരിച്ചറിയുന്നത്. നിലവിൽ ഷാർജ സെൻട്രൽ ജയിലിൽ കഴിയുകയാണ് 27കാരി. സംഭവത്തിൽ കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് ക്രൈം ബ്രാഞ്ച് ഇടപെട്ടാണ് കേസെടുക്കുന്നത്.
ക്രിസനിനു പുറമെ മറ്റു നാലുപേരെയും ഇതിനുമുൻപ് ആന്തണി മയക്കുമരുന്ന് കേസിൽ കുടുക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ സമ്മതിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ ഷാർജ ജയിലിൽ തന്നെയാണ് കഴിയുന്നത്. നയതന്ത്ര മാർഗത്തിലൂടെ എഫ്.ഐ.ആർ ഷാർജ അധികൃതർക്കു കൈമാറി നടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.
Summary: The Mumbai Crime Branch arrested two persons for framing Bollywood actress Chrisann Pereira in connection with a drug smuggling case in Sharjah
Adjust Story Font
16