Quantcast

നഞ്ചിയമ്മയുടെ പാട്ടിന്റെ രാഗം വിമർശകർക്കറിയില്ല, അവർ പുരസ്‌കാരത്തിന് അർഹയാണ്: അൽഫോൻസ് പുത്രൻ

കർണാട്ടികിനേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് അവർ പാടിയിരിക്കുന്നത്. ഏത് രാഗമാണ് ആ ഗാനമെന്ന് പറയാൻ വിമർശകരെ താൻ വെല്ലുവിളിക്കുകയാണെന്നും അൽഫോൻസ് പുത്രൻ

MediaOne Logo

Web Desk

  • Updated:

    2022-07-29 13:05:14.0

Published:

29 July 2022 1:00 PM GMT

നഞ്ചിയമ്മയുടെ പാട്ടിന്റെ രാഗം വിമർശകർക്കറിയില്ല, അവർ പുരസ്‌കാരത്തിന് അർഹയാണ്: അൽഫോൻസ് പുത്രൻ
X

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നഞ്ചിയമ്മയ്‌ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. നഞ്ചിയമ്മ പാടിയ രാഗം തനിക്കറിയാമെന്നും എന്നാൽ അവർ പാടിയ പാട്ടിന്റെ രാഗം വിമർശകർക്ക് അറിയില്ലെന്നും അൽഫോൻസ് പുത്രൻ പറഞ്ഞു. അവർ പുരസ്‌കാരത്തിന് അർഹയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കർണാട്ടികിനേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് അവർ പാടിയിരിക്കുന്നത്. ഏത് രാഗമാണ് ആ ഗാനമെന്ന് പറയാൻ വിമർശകരെ താൻ വെല്ലുവിളിക്കുകയാണെന്നും അൽഫോൻസ് ഫേസ്ബുക്കിൽ കുറിച്ചു.

അൽഫോൻസ് പുത്രന്റെ കുറിപ്പിന്റെ പൂർണരൂപം

ദേശീയ പുരസ്‌കാരത്തിന് നഞ്ചിയമ്മ അർഹയാണ്. അവരുടെ സംഗീതത്തെ തിരിച്ചറിയാതെ അവരെ എതിർക്കുന്നവർക്ക് എതിരാണ് ഞാൻ. ചലച്ചിത്ര സംഗീതത്തിലെ ഒരു വിഭാഗം മാത്രമാണ് കർണാടിക് സംഗീതം. പഴയകാലം മുതൽ ഇപ്പോൾ വരെയുള്ള വിവിധ വിഭാഗത്തിലുള്ള സംഗീതത്തെ സിനിമാ ഗാനങ്ങളിൽ ഉൾപ്പെടുത്താം. അതുകൊണ്ട് നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് അർഹരല്ലെന്ന് മനസിലാക്കണം. നഞ്ചിയമ്മ പാടിയ രാഗം എനിക്കറിയാം. അവർ പാടിയ പാട്ടിന്റെ രാഗം വിമർശകർക്ക് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ പാട്ടിന്റെ സംഗീത സംവിധാനവും ഗാനരചയിതാവും ഗായികയുമെല്ലാം നഞ്ചിയമ്മ തന്നെയാണ്. ജേക്സ് ഈ പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. അതുകൊണ്ട് കർണാടിക് സംഗീതത്തിൽ മാത്രം അറിവുള്ള ഒരാൾക്ക് നഞ്ചിയമ്മയെ വിലയിരുത്താൻ സാധിക്കില്ല. കർണാട്ടികിനേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് നഞ്ചിയമ്മ പാടിയിരിക്കുന്നത്. ഏത് മേളകർത്താ രാഗമാണ് ആ ഗാനമെന്ന് പറയാൻ വിമർശകരെ ഞാൻ വെല്ലുവിളിക്കുന്നു. ഇളയരാജ സാർ, എ ആർ റഹ്മാൻ സാർ, ശരത് സാർ, തുടങ്ങിയ ചുരുക്കം ചിലർക്ക് മാത്രമേ ഇത് അറിയൂ എന്ന് ഉറപ്പുണ്ട്. പാട്ടിൽ പ്രവർത്തിച്ച ആളായത് കൊണ്ട് ജേക്സിന് ആ രാഗം അറിയാം. ഏതാനും സംഗീതാസ്വാദകരോ അധ്യാപകരോ ഉത്തരം പറഞ്ഞേക്കാം. ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു, നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓർത്ത് അഭിമാനിക്കുന്നു.

അതേസമയം വിവാദത്തിൽ പ്രതികരണവുമായി അവാർഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. ദേശീയ പുരസ്‌കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളുവെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ പ്രതികരിച്ചു. നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനു ലാലാണ് രംഗത്തെത്തിയത്. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാൽ ചോദിച്ചു.

TAGS :

Next Story