'വാര്‍ത്ത കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല; അവള്‍ മരിച്ചില്ലല്ലോ, അതുമതി എനിക്ക്'-പൂനം പാണ്ഡെയുടെ ഭർത്താവ്
''കാലാതീതയാണ് പൂനം. ദിവസവും അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. ഇനിയും വർഷങ്ങളോളം അവൾ ആഘോഷിക്കപ്പെടും.''
മുംബൈ: 24 മണിക്കൂറിനിടെ രണ്ടു വാർത്തകളിലൂടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. സെർവിക്കൽ കാൻസറിനെ തുടർന്ന് മരണത്തിനു കീഴടങ്ങിയതായുള്ള വാർത്ത പുറത്തുവന്നു മണിക്കൂറുകൾക്കകമാണു ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞ് അവർ പ്രത്യക്ഷപ്പെട്ടത്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവൽക്കരണമായിരുന്നു ലക്ഷ്യമെന്ന് അവർ പിന്നീട് വിശദീകരിച്ചു.
നടപടിയിൽ വൻ വിമർശനം ഉയരുന്നതിനിടെ താരത്തെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് സാം ബോംബേ. പൂനം ചെയ്തതിൽ ഞെട്ടലൊന്നുമില്ലെന്നും സന്തോഷമേയുള്ളൂവെന്നും സാം 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ''അവൾ ജീവിച്ചിരിപ്പുണ്ടല്ലോ.. അതുമതി എനിക്ക്.. അൽഹംദുലില്ലാഹ്..''-അദ്ദേഹം പ്രതികരിച്ചു.
പൂനം അർബുദത്തെ തുടർന്നു മരിച്ചെന്ന വാർത്ത കേട്ടപ്പോൾ സംശയമുണ്ടായിരുന്നുവെന്നും സാം വെളിപ്പെടുത്തി. ''വാർത്ത കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. ഉള്ളിൽ ഒന്നും സംഭവിച്ചില്ല. നഷ്ടബോധവും ഉണ്ടായിരുന്നില്ല. ഇതു നടക്കാൻ സാധ്യതയില്ലെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.''
ബന്ധം നിലനിർത്തുമ്പോഴായിരിക്കും എല്ലാ തോന്നുക. അവൾ എന്നും എന്റെ ആലോചനയിലുണ്ട്. ദിവസവും അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. എന്തെങ്കിലും പറ്റിയെങ്കിൽ താൻ അറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നടിയമായി പിരിഞ്ഞിട്ടില്ലെന്നും സാം വ്യക്തമാക്കി. ''ഞങ്ങൾ ഇതുവരെ വിവാഹമോചനം നടത്തിയിട്ടില്ല. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതിൽ സന്തോഷം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള ആളാണ്.''
വിവാദമായ കാൻസർ ബോധവൽക്കരണത്തിന്റെ പേരിൽ പൂനത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെയും സാം ബോംബേ തള്ളി. സ്വന്തം പേരും പെരുമയുമെല്ലാം പൂർണമായും അവഗണിച്ച് ഒരാൾ ഒരു വിഷയത്തിൽ ബോധവൽക്കരണത്തിന് ഇറങ്ങുകയാണെങ്കിൽ അവരെ നമ്മൾ ആദരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാതീതയാണ് പൂനം പാണ്ഡെ. ശക്തയായ ഇന്ത്യൻ വനിതയാണ് അവൾ. ഇനിയും വർഷങ്ങളോളം അവൾ ആഘോഷിക്കപ്പെടുമെന്നും സാം കൂട്ടിച്ചേർത്തു.
Summary: ''She is alive. That's enough for me. Alhamdullilah.'': Says Poonam Pandey's husband Sam Bombay
Adjust Story Font
16