മെൽബണില്‍ നടക്കുന്ന ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാള ചിത്രം കാക്കിപ്പടയും
ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് കാക്കിപ്പട
മെൽബണിൽ നടക്കുന്ന ഐഎഫ്എഫ്എം 2023 ലേക്ക് മലയാള ചിത്രം കാക്കിപ്പടയും. ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ മെൽബണിലേക്ക് കാക്കിപ്പടയ്ക്ക് ക്ഷണം ലഭിച്ചതായി സംവിധായകന്‍ ഷെബി ചൗഘട്ട് പറഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു അപൂർവ്വ ബഹുമതിയാണ്. ആദ്യമായി നിർമിച്ച സിനിമ മെൽബൺ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് നിർമാതാവ് ഷെജി വലിയകത്ത്. എസ് വി പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് കാക്കിപ്പട. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന നിർവഹിച്ചിരിക്കുന്നത്.
സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് നിർമാതാവായതെന്ന് ഷെജി വലിയകത്ത് പറയുന്നു. സിനിമയെക്കുറിച്ച് ധാരണയില്ലാതെ ഈ മേഖലയിലേക്ക് കടന്നു വന്ന ആളല്ല താൻ. ഒരു സിനിമ നിർമിക്കാനുള്ള തീരുമാനമെടുത്തതിനു ശേഷം ഒരുപാട് കഥകൾ കേട്ടു. കച്ചവടതാൽപര്യത്തിനപ്പുറം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്നതായിരിക്കണം നിർമാതാവ് എന്ന നിലയിലുള്ള കന്നി സംരംഭം എന്ന് നിർബന്ധമുണ്ടായിരുന്നു. സുഹൃത്തും നാട്ടുകാരനുമായ ഷെബി വന്ന് കാക്കിപ്പടയുടെ കഥ പറഞ്ഞപ്പോൾ കൈ കൊടുത്തത് സാമൂഹിക പ്രതിബദ്ധത കൊണ്ടാണ്. ഇപ്പോൾ വളരെയധികം സന്തോഷമുണ്ട്, ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുണ്ടായ സിനിമയുടെ നിർമ്മാതാവാൻ കഴിഞ്ഞതിലും, ആ സിനിമ കാരണം ഫിലിം ഫെസ്റ്റിവലിൽ ക്ഷണിതാവായി മെൽബണിലേക്ക് പറക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ടെന്ന് ഷെജി വലിയകത്ത് പറഞ്ഞു.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് 'കാക്കിപ്പട' പറയുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍.
ചിരഞ്‍ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവു 'കാക്കിപ്പട'യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ ഓഫീസില്‍വെച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'കാക്കിപ്പട'യുടെ റീമേക്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.
Adjust Story Font
16