അശ്ലീല സിനിമ നിര്‍മാണ കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ? പൊലീസ് പറയുന്നതിങ്ങനെ..
രാജ് കുന്ദ്രയെ ഈ മാസം 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
അശ്ലീല സിനിമ നിര്‍മാണക്കേസില്‍ അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ (45) ഈ മാസം 23 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യ ആസൂത്രകനാണ് കുന്ദ്രയെന്ന് പൊലീസ് പറഞ്ഞു. അതേസമയം അശ്ലീല ചിത്ര നിര്‍മാണവുമായി നടി ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
''കേസില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പ്രത്യക്ഷത്തില്‍ തെളിഞ്ഞിട്ടില്ല. തെളിവുകളുമില്ല. ഞങ്ങള്‍ അന്വേഷണത്തിലാണ്. ഇരകളോട് മുംബൈ ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കും'' ജോയിന്‍റ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് രാജ് കുന്ദ്രയുടെ അറസ്റ്റ് ഉണ്ടായത്. ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ ചുമത്തി തിങ്കളാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് കുന്ദ്രയെ കസ്റ്റഡിയിലെടുത്തത്.
2019 ഫെബ്രുവരിയിലാണ് രാജ് കുന്ദ്ര ആംസ് പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുന്നത്. ആറ് മാസത്തിന് ശേഷം ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഈ ആപ്പിലൂടെയായിരുന്നു അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവതികളെ അശ്ലീല ചിത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നത്. കെന്‍ റിന്‍ എന്ന ആപ്പും രാജ് കുന്ദ്രയുടെതാണെന്ന് ആരോപണമുണ്ട്.
അതേസമയം സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിരുന്ന ശില്‍പ ഷെട്ടി കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഷോയില്‍ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ശില്‍പക്ക് പകരം കരിഷ്മ കപൂറായിരിക്കും ഷോയില്‍ പങ്കെടുക്കുക.
Adjust Story Font
16