"വന്ദനം തിയേറ്ററുകളില്‍ പരാജയമായിരുന്നില്ലേ.. പക്ഷേ ഇന്നും നമ്മളത് ആസ്വദിക്കുന്നു"-ഷൈന്‍ ടോം ചാക്കോ
തിയേറ്ററുകളില്‍ ഇരുന്ന് കാണുമ്പോള്‍ വര്‍ക്ക് ആവാത്ത പല ചിത്രങ്ങളും ഒറ്റക്കിരുന്ന് കാണുമ്പോള്‍ വര്‍ക്ക് ആവാറുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ
മലയാളത്തില്‍ എക്കാലവും വിജയിച്ച ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത് പരാജയപ്പെട്ട സിനിമകളാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയിറങ്ങുന്ന കാലവും സിനിമയുടെ കഥയുമൊക്കെ ജയപരാജയങ്ങള്‍ക്ക് കാരണമാവാം. തിയേറ്ററുകളില്‍ ഇരുന്ന് കാണുമ്പോള്‍ വര്‍ക്ക് ആവാത്ത പല ചിത്രങ്ങളും ഒറ്റക്കിരുന്ന് കാണുമ്പോള്‍ വര്‍ക്ക് ആവാറുണ്ടെന്നും താരം പറഞ്ഞു. ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'ഹിറ്റ് പടങ്ങളേക്കാള്‍ ഫ്‌ളോപ്പ് സിനിമകളാണ് മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുള്ളത്. അത് ചിത്രങ്ങള്‍ മോശമായത് കൊണ്ടല്ല. ചിലപ്പോള്‍ സിനിമയിറങ്ങുന്ന കാലഘട്ടം, സിനിമയുടെ കഥ ഒക്കെ ജയപരാജയങ്ങള്‍ക്ക് കാരണമാവാം. തിയേറ്ററുകളിൽ ഒരുമിച്ചിരുന്ന് കാണുമ്പോൾ വർക്ക് ആവാത്ത പല സിനിമകളും ഒറ്റക്ക് കാണുമ്പോൾ വർക്ക് ആവാറുണ്ട്. അങ്ങനെയൊരു സിനിമയാണ് മോഹൻ ലാലിന്‍റെ 'വന്ദനം'. അക്കാലത്ത് മോഹൻ ലാലിന്‍രെ ചിത്രങ്ങളിൽ അത്ര ഹിറ്റാകാതെ പോയ ചിത്രമാണത്. പക്ഷേ ഇപ്പോഴും ആ ചിത്രം ആളുകൾ ആസ്വദിക്കുന്നുണ്ട്. എനിക്കും ഏറെ ഇഷ്ടമാണ് ആ ചിത്രം"- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
മലയാള സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലെത്തുന്നില്ലെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നല്ല കഥകള്‍ സമ്മാനിക്കാന്‍ സംവിധായകര്‍ക്ക് കഴിയാത്തതാണ് പല ചിത്രങ്ങളുടേയും പരാജയ കാരണമെന്ന അഭിപ്രായമാണ് പലര്‍ക്കും. എന്നാല്‍ അടുത്തിടെ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്', ടൊവിനോ ചിത്രം 'തല്ലുമാല' എന്നിവ തിയേറ്ററില്‍ ആളെ നിറച്ച് പ്രദര്‍ശനം തുടരുകയാണ്. തല്ലുമാലയില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
Adjust Story Font
16