'അവാർഡ് കിട്ടുന്നവരെ മനസറിഞ്ഞ് അഭിനന്ദിക്കുക, സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ ഇതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കില്ല; സിതാര
'നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വ്യക്തിപരമായി എനിക്ക് സന്തോഷമാണ്. കാരണം അവരുടെ പാട്ടുകൾ നേരെ ഹൃദയത്തിലേക്ക് കയറും'
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് ലഭിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാർ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിതാര നഞ്ചിയമ്മക്ക് എതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണം നടത്തിയത്. അവാർഡ് കിട്ടുന്നവരെ മനസറിഞ്ഞ് അഭിനന്ദിക്കുന്നതിന് പകരം എന്തിനാണ് പരസ്പരം മോശം വാക്കുകൾ ഉപയോഗിച്ച് ലഹള നടത്തുന്നതെന്നും സിതാര ചോദിക്കുന്നു. നഞ്ചിയമ്മക്ക് പുരസ്‌കാരം കിട്ടിയതിൽ വ്യക്തിപരമായി സന്തോഷിക്കുന്നതായും സിതാര പറഞ്ഞു.
സിതാരകൃഷ്ണകുമാറിന്‍റെ വാക്കുകള്‍
നഞ്ചിയമ്മ വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഏതോ സമയത്ത് സ്ഥലത്ത് ഇരിക്കുന്നു. അവർ ഫേസ്ബുക്കിലും നടക്കുന്ന പല ചർച്ചകളും കാണുന്നില്ല. അഭിപ്രായങ്ങൾ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ രേഖപ്പെടുത്തുന്ന രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.
സിനിമയിലെ പാട്ടുകൾ സിനിമയുടെ സന്ദർഭത്തിന് അനുസരിച്ചാണ് തയ്യാറാക്കുന്നത്. അവാർഡ് കിട്ടുന്നവരെ മനസറിഞ്ഞ് അഭിനന്ദിക്കുക എന്നതാണ് എന്റെ അഭിപ്രായം. അല്ലാതെ സോഷ്യൽമീഡിയയിൽ പരസ്പരം മോശം വാക്കുകൾ ഉപയോഗിച്ച് പരസ്പരം തെറിവിളികൾ നടത്തുന്നത് എന്തിനാണ്. ഏറെ കഷ്ടപ്പെട്ട് സംഗീതത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പലരുടെയും ലക്ഷ്യമേയല്ല സിനിമ. അവർക്ക് സിനിമയിൽ പാടണം എന്നും ആഗ്രഹമില്ല. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവരോട് നല്ലൊരു പിന്നണി ഗായകരാകട്ടെ എന്ന് പറയുന്നത്തിൽ അർത്ഥമില്ല. സംഗീതത്തിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയട്ടെ എന്നേയുള്ളു. അല്ലാതെ ഒരു സംഗീതജ്ഞന്റെയും ലക്ഷ്യമല്ല പിന്നണി ഗായകനാവുക എന്നത്.
എല്ലാവർക്കും സംഗീതത്തിൽ അവരവരുടേതായ വഴികളുണ്ട്. ഇപ്പോൾ ശാസ്ത്രീയ സംഗീതം, ഫോക്ക് സംഗീതം, സെമി ക്ലാസിക്കൽ, കഥകളി സംഗീതം എന്നിങ്ങനെ പോകുന്നു. നമുക്ക് നഷ്ടമാകുന്ന ചില സംഗീത ശാഖകൾ ഉണ്ട്. അവയെ തിരിച്ചുപിടിക്കാനും അതിൽ അർപ്പിച്ചവർക്ക് നല്ല ജീവിത മാർഗ്ഗം ലഭിക്കാനും പരിഗണ നൽകാനും ശ്രമിക്കുക. ആറ് വരി പാടിയവർക്ക് പോലും ദേശീയ പുരസ്‌കാരം ലഭിച്ച ചരിത്രമുണ്ട്. ചില വ്യക്തികൾ ആണല്ലോ അത് തീരുമാനിക്കുന്നത്.
അതിന് അത്ര പ്രാധാന്യത്തിൽ മാത്രം കാണുക. അതിനെ വ്യക്തിപരമായി കാണാതെയിരുന്നാൽ അത്രയും നല്ലത്. നമുക്ക് നല്ല പാട്ടുകളുണ്ടാക്കാം. അത് കേൾക്കാം. ഇഷ്ടപെട്ടത് ഇഷ്ടപ്പെട്ടു എന്ന് പറയാം. ഇഷ്ടപ്പെടാത്തത് മാറ്റി വെക്കാം. അത്രേയുള്ളു. അല്ലാതെ ഇഷ്ടപ്പെട്ടില്ല എന്നത് കൊണ്ട് അത് മോശമാണ് എന്ന് പറയാൻ സാധിക്കില്ലല്ലോ.
നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വ്യക്തിപരമായി എനിക്ക് സന്തോഷമാണ്. കാരണം അവരുടെ പാട്ടുകൾ നേരെ ഹൃദയത്തിലേക്ക് കയറും. നമ്മൾ ക്ലാസിക്കൽ എന്ന് പറയുന്ന പാട്ടുകളിലേക്ക് എത്താനുള്ള വഴിയെന്ന് പറയുന്നത് അത്തരം പാട്ടുകളാണ്. പല രാഗങ്ങളും വന്നിരിക്കുന്നത് പ്രകൃതിയിൽ നിന്നും വരുന്ന ശബ്ദങ്ങളിൽ നിന്നാണ്. ഇത്തവണ ദേശീയ പുരസ്‌കാരം വരുമ്പോൾ ഒരു ശ്രദ്ധ ആ ഭാഗത്തേക്ക് വരികയാണ്. അത് ചിലപ്പോൾ നല്ലത് ആണെങ്കിലോ. നമ്മളെ വിട്ടുപോകുന്ന പല ഗാന ശേഖരങ്ങളും നമുക്ക് തിരിച്ച് കിട്ടാനുള്ള വഴിയാണെങ്കിലോ. അങ്ങനെയും പോസ്റ്റീവ് ആയി ചിന്തിക്കാമല്ലോ. വലിയ ഗായകർ ഒരിക്കലും അവാർഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കും എന്ന് കരുതുന്നില്ല. അവര്‍ ജീവിതം അതിനു മാറ്റിവെച്ചിരിക്കുന്ന സംഗീതത്തിനോടുള്ള സ്‌നേഹം കൊണ്ടാണ്.
Adjust Story Font
16