എത്രയെത്ര കെ.എസ് ചിത്രമാര്‍ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്ടം, പരമ കഷ്ടം; രാമക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രക്കെതിരെ സൂരജ് സന്തോഷ്
വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്
സൂരജ് സന്തോഷ്/കെ.എസ് ചിത്ര
പിന്നണി ഗായിക കെ.എസ് ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി ഗായകന്‍ സൂരജ് സന്തോഷ്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും എത്ര എത്ര കെ.എസ് ചിത്രമാര്‍ തനിസ്വരൂപം കാട്ടാന്‍ ഇരിക്കുന്നുവെന്നും സൂരജ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
''ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം,’ എന്നായിരുന്നു സൂരജ് ഇൻസ്റ്റാഗ്രം സ്റ്റോറിയിലൂടെ കുറിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. 'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്‍റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.അയോധ്യയില്‍ നിന്നുള്ള അക്ഷതം ചിത്ര കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ചിത്രക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.
Adjust Story Font
16