ബോളിവുഡിലെ ചിലർക്ക് കെ.ജി.എഫ് ചാപ്റ്റർ 2 ഇഷ്ടപ്പെട്ടില്ല: സംവിധായകൻ രാം ഗോപാൽ വർമ്മ
കെ.ജി.എഫ് അമിതാഭ് ബച്ചന്റെ 70-കളിലെ ആക്ഷൻ ചിത്രങ്ങളെ പോലെയാണെന്നും സംവിധായകൻ
പ്രശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 ഹിന്ദി ചലച്ചിത്ര മേഖലയിലെ ചിലർക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. കെ.ജി.എഫ് പോലെ ഒരു ചിത്രം എല്ലാം റെക്കോർഡുകളും തകർത്തതിൽ താൻ അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഹിന്ദി സിനിമാ വ്യവസായം എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണെന്നും രാം ഗോപാൽ പറഞ്ഞു. ''ബോളിവുഡിലെ ഒരു സംവിധായകൻ എന്നോട് പറഞ്ഞു, രാമു, ഞാൻ ഇത് 5 തവണ കാണാൻ ശ്രമിച്ചു, പക്ഷേ എനിക്ക് അരമണിക്കൂറിനപ്പുറം പോകാൻ കഴിഞ്ഞില്ല'' രാം ഗോപാൽ പറഞ്ഞു. 'ബോളിവുഡിൽ ചുറ്റിത്തിരിയുന്ന' 'പ്രേതം' എന്നാണ് യാഷ് അഭിനയിച്ച ചിത്രത്തെ സംവിധായകൻ വിശേഷിപ്പിച്ചത്. കെജിഎഫ് 2-നെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ രാം ഗോപാൽ പങ്കുവെക്കുകയും ചെയ്തു. കെ.ജി.എഫ് അമിതാഭ് ബച്ചന്റെ 70-കളിലെ ആക്ഷൻ ചിത്രങ്ങളെ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ കാണുന്നതിനിടയിൽ താൻ മയങ്ങി പോയെന്നും വായ തുറന്ന് ഇതെന്താണ് കാണിച്ചുവെച്ചതെന്ന മട്ടിൽ ആശ്ചര്യത്തോടെ നോക്കിനിന്നെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14 ന് ചിത്രം നിറഞ്ഞ സദസ്സുകളിൽ റിലീസ് ചെയ്യുകയും ബോക്‌സ് ഓഫീസിൽ ശക്തമായ സ്വാധീനം ചെലുത്തുകയുമുണ്ടായി. ചിത്രം ലോകമെമ്പാടുമായി 1100 കോടിയിലധികം രൂപയാണ് നേടിയത്.
Adjust Story Font
16