'അവൾ എന്നോടൊന്നും പറഞ്ഞിട്ടില്ല'; സൊനാക്ഷിയുടെ വിവാഹ വാർത്തകളിൽ അച്ഛൻ ശത്രുഘനൻ സിൻഹ പറയുന്നത്...
''എന്‍റെ മകള്‍ കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കുമ്പോള്‍ ഞാനും ഭാര്യയും ആ ചടങ്ങില്‍ പങ്കെടുക്കും. അല്ലെങ്കിലും ഞങ്ങളുടെ അനുഗ്രഹം അവള്‍ക്കുണ്ടാകും''
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹയും ലിവിംഗ് പാര്‍ട്ണറായ നടന്‍ സഹീർ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയുടെ പിതാവും നടനും തൃണമൂല്‍കോണ്‍ഗ്രസ് എം.പിയുമായ ശത്രുഘ്നൻ സിൻഹ.
മകളുടെ വിവാഹം സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ശത്രുഘ്നൻ സിൻഹ പറയുന്നത്. എന്നെ അറിയിക്കുകയാണെങ്കില്‍ അവരെ അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ എന്‍റെ മകളുടെ വിവാഹം സംബന്ധിച്ച് ചോദിക്കുന്നു. മാധ്യമങ്ങള്‍ അറിഞ്ഞത് മാത്രമേ എനിക്കും അറിയാവൂ എന്നതാണ് ഉത്തരം. എന്‍റെ മകള്‍ കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കുമ്പോള്‍ ഞാനും ഭാര്യയും ആ ചടങ്ങില്‍ പങ്കെടുക്കും. അല്ലെങ്കിലും ഞങ്ങളുടെ അനുഗ്രഹം അവള്‍ക്കുണ്ടാകും - ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
''മകളുടെ തീരുമാനങ്ങളെ ഞങ്ങള്‍ എന്നും വിശ്വസിക്കാറുണ്ട്. അവള്‍ അനധികൃതമായി ഒന്നും ചെയ്യില്ലെന്ന് അറിയാം. അവള്‍ മുതിര്‍ന്ന വ്യക്തിയാണ്. അവള്‍ക്ക് അവളുടെ തീരുമാനം എടുക്കാന്‍ അവകാശമുണ്ട്. എന്‍റെ മകളുടെ കല്ല്യാണം എവിടെ നടന്നാലും അതിന്‍റെ ചടങ്ങുകളുടെ മുന്നില്‍ ഞാന്‍ ഉണ്ടാകും എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' - ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി.
പശ്ചിമബംഗാളിൽ നന്നുള്ള തൃണമൂൽ കോൺഗ്രസ് എം.പിയാണ് ശത്രുഘ്‌നൻ സിൻഹ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ താരം ഇപ്പോൾ ഡൽഹിയിലാണ്. നേരത്തെ ബി.ജെ.പി- കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ സിൻഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് തൃണമൂൽ കോൺഗ്രസിലേക്ക് വരുന്നത്. അസൻസോൾ മണ്ഡലത്തിൽ നിന്നാണ് സിൻഹ വിജയിച്ചുകയറിയത്. ബി.ജെ.പിയുടെ എസ്.എസ് അലുവാലിയയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിൻഹ പാർലമെന്റിലേക്ക് എത്തുന്നത്.
അതേസമയം ജൂൺ 23ന് മുംബൈയിലാണ് സൊനാക്ഷിയും സഹീര്‍ ഇഖ്ബാലും തമ്മിലെ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. സോനാക്ഷിയും സഹീറും വളരെക്കാലമായി അടുത്ത സൗഹൃദം പുലർത്തുന്നുണ്ടെങ്കിലും ഇരുവരും പരസ്യമായി ബന്ധം വെളിപ്പെടുത്തിയിട്ടില്ല.തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ സഹീറും ആശംസയറിയിച്ചിരുന്നു.
Adjust Story Font
16