ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്ത് സോനു നിഗം; സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം
ഗായികയ്ക്ക് സമീപം നിലത്തിരുന്ന് വെള്ളവും പനിനീരുമുപയോഗിച്ച് സോനു കാൽ കഴുകുന്ന വീഡിയോ വൈറലാണ്
മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്ത് ഗായകൻ സോനു നിഗം. മുംബൈയിൽ ആശയുടെ ജീവചരിത്രത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു കാൽകഴുകി സോനു ആദരവ് പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുംബൈയിലെ ദിനനാഥ് മങ്കേഷ്‌കർ തിയേറ്ററിൽ വെള്ളിയാഴ്ചയായിരുന്നു പ്രകാശനച്ചടങ്ങ്. സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. 'സ്വരസ്വാമിനി ആശ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സോനു വേദിയിലെത്തി ഗായികയുടെ കാൽ കഴുകിയത്. ഗായികയ്ക്ക് സമീപം നിലത്തിരുന്ന് വെള്ളവും പനിനീരുമുപയോഗിച്ച് സോനു കാൽ കഴുകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ഇരുകാലുകളിലും ചുംബിച്ച ശേഷമാണ് സോനു പൂജ ആരംഭിക്കുന്നത്. സോനു വേദിയിൽ ഇരുന്നതോടെ സംഘാടകർ വെള്ളവും മറ്റ് പൂജാസാമഗ്രികളും ഒരുക്കുകയായിരുന്നു. സോനു കാൽ കഴുകുന്ന സമയമത്രയും ക്ഷമയോടെ കാത്തിരിക്കുന്ന ആശാ ഭോസ്‌ലയെയും വീഡിയോയിൽ കാണാം. സോനു കാൽ കഴുകുന്ന സമയത്തെല്ലാം വേദിയിൽ മന്ത്രോച്ചാരണങ്ങളുമുണ്ടായിരുന്നു.
സോനുവിന്റെ പാദപൂജ വലിയ രീതിയിൽ സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിട്ടുണ്ട്. സോനുവിന്റെ ആദരവും എളിമയും എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും ഇന്ത്യക്കാരനെന്ന നിലയിൽ സോനുവിനെ ഓർത്ത് അഭിമാനമാണെന്നുമൊക്കെയാണ് അഭിനന്ദനങ്ങൾ. അതേസമയം, പാദപൂജയിൽ ആശാ ഭോസ്‌ലെ അസ്വസ്ഥയായിരുന്നുവെന്നും ചെറുതല്ലാത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.
90ലധികം എഴുത്തുകാരുടെ സംഭാവനകളടങ്ങിയതാണ് സ്വർസ്വാമിനി ആശ. പുസ്തകത്തിൽ ആശ ഭോസ്‌ലെയുടെ അത്യപൂർവ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ശേലാർ, ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ് തുടങ്ങിയവരും പ്രകാശന ചടങ്ങിനെത്തിയിരുന്നു.
Adjust Story Font
16