Quantcast

ഓക്‌സിജനില്ലെന്ന് വിളിയെത്തിയത് അർധരാത്രി, സംഘടിപ്പിച്ചത് 15 സിലിണ്ടര്‍; ബംഗളൂരുവിൽ സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതൽ ജനങ്ങളെ സഹായിക്കാനായി മുമ്പന്തിയിലുണ്ട് ബോളിവുഡ് നടൻ സോനു സൂദും സംഘവും

MediaOne Logo

Web Desk

  • Published:

    4 May 2021 3:30 PM GMT

ഓക്‌സിജനില്ലെന്ന് വിളിയെത്തിയത് അർധരാത്രി, സംഘടിപ്പിച്ചത് 15 സിലിണ്ടര്‍; ബംഗളൂരുവിൽ സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍
X

ബംഗളൂരു: കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം മുതൽ ജനങ്ങളെ സഹായിക്കാനായി മുമ്പന്തിയിലുണ്ട് ബോളിവുഡ് നടൻ സോനു സൂദും സംഘവും. രാപകലില്ലാതെ ആവശ്യക്കാർക്ക സഹായമെത്തിക്കുന്ന സംഘം തിങ്കളാഴ്ച അർധരാത്രി ബംഗളൂരുവിലെ എആർഎകെ ആശുപത്രിയിൽ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് 20-22 പേരുടെ ജീവനാണ്. സംഭവമിങ്ങനെ;

എആർഎകെ ആശുപത്രിയിലെ ഓക്‌സിജൻ ക്ഷാമത്തെ കുറിച്ച് യെലഹങ്ക ഓൾഡ് ടൗൺ ഇൻസ്‌പെക്ടർ എംആർ സത്യനാരായണൻ, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷൻ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അർധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് രണ്ടു പേരുടെ ജീവൻ നഷ്ടമായിരുന്നു. ടീം വേഗത്തിൽ ഒരു സിലിണ്ടർ സംഘടിപ്പിച്ച് ആശുപത്രിയിലെത്തി.

തൊട്ടുപിന്നാലെ ടീമിലെ എല്ലാ അംഗങ്ങളെയും വിളിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. അർധരാത്രി ഉണർന്നു പ്രവർത്തിച്ച സംഘം മണിക്കൂറുകൾക്കുള്ളിൽ 15 ഓക്‌സിജൻ സിലിണ്ടറുകളാണ് എത്തിച്ചത്.

ചാരിറ്റി ഫൗണ്ടേഷന്റെ കർണാടക സംഘം മേധാവി ഹഷ്മത് റാസയുടെ നേതൃത്വത്തിൽ രാധിക, രാഘവ് സിംഗാൾ, റക്ഷ സോം, നിധി, മേഘഷ എംആർ അനീഷ്, ആർജെ അമിത് എന്നിവർ ചേർന്നാണ് ഇത്രയും പേർക്ക് ഓക്‌സിജൻ എത്തിച്ചത്.

അർധരാത്രി ഉറക്കമിളഞ്ഞ് സേവനപ്രവർത്തനത്തിൽ മുഴുകിയ ടീം അംഗങ്ങളെ സോനു സൂദ് മുക്തകണ്ഠം പ്രശംസിച്ചു. 'എല്ലാവരോടും ഞാൻ നന്ദിയറിയിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് മുമ്പോട്ടുള്ള ഊർജം. ഹഷ്മതിനെ കുറിച്ച് അഭിമാനിക്കുന്നു. സംഭവത്തെ കുറിച്ച് രാത്രി മുഴുവൻ അദ്ദേഹം വിവരം നൽകിക്കൊണ്ടിരുന്നു' - സോനു സൂദ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ സത്യനാരായണന്റെ പിന്തുണ ഏറെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story