സോനുസൂദ് പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹം: നടി ഹുമ ഖുറേഷി
ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരൻ ആകാൻ കഴിയുക എന്നതായിരുന്നു നടിയോടുള്ള ചോദ്യം
മുംബൈ: കോവിഡ് മഹാമാരിയിൽ നടൻ സോനു സൂദ് ചെയ്യുന്ന പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച് ബോളിവുഡ് നടി ഹുമ ഖുറേഷി. സോനു സൂദ് പ്രധാനമന്ത്രിയായി കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞു. വിനോദ വെബ്‌സൈറ്റായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'സത്യസന്ധമായി പറയട്ടെ, സോനു സൂദ് തെരഞ്ഞെടുപ്പിൽ മത്സരിക്കണം. ഞാൻ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തിൽ സോനു എത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അത് മഹത്തരമായിരിക്കും, അല്ലേ?' - എന്നായിരുന്നു ഹുമയുടെ വാക്കുകൾ. ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരൻ ആകാൻ കഴിയുക എന്നതായിരുന്നു ചോദ്യം. ഒരു നിമിഷനേരം പോലും ചിന്തിക്കാതെയാണ് നടി സോനു സൂദിന്റെ പേരു പറഞ്ഞത്.
കോവിഡിന്റെ രണ്ടു തരംഗത്തിലും പതിനായിരങ്ങൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. ആദ്യഘട്ടത്തിൽ തൊഴിലിടങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കാണ് സോനുവിന്റെ സഹായം പ്രധാനമായും എത്തിയത്. രണ്ടാം തരംഗത്തിൽ രാജ്യവ്യാപകമായി ഓക്‌സിജൻ സിലിണ്ടറുകൾ എത്തിച്ചും നടൻ വാർത്തകളിൽ നിറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ സോനുവിന്റെ പേരിൽ ചാരിറ്റി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ, മഹാറാണി എന്ന സോണി ലൈവിന്റെ വെബ്‌സീരീസിലാണ് നിലവിൽ ഹുമ ഖുറേഷി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. യുഎസ് സംവിധായകൻ സാക് സ്‌നിഡറിന്റെ ആർമി ഓഫ് ദ ഡെഡ് ചിത്രത്തിലും നടി ഈയിടെ വേഷമിട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് സിനിമ റിലീസ് ചെയ്തിട്ടുള്ളത്.
Adjust Story Font
16