Quantcast

'കടകള്‍ക്ക് മുന്നില്‍ ഒരൊറ്റ പേരേ പാടുള്ളൂ: മനുഷ്യത്വം'-കാവഡ് യാത്രാ വിവാദത്തില്‍ പ്രതികരിച്ച് സോനു സൂദ്

മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാന്‍ പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    19 July 2024 4:26 PM GMT

There should only be one nameplate on every shop: HUMANITY, says actor Sonu Sood after UP govt passes controversial order ahead of Kanwar Yatra, Kanwar Yatra controversy
X

സോനു സൂദ്

മുംബൈ: കാവഡ് യാത്രയുടെ ഭാഗമായി യു.പി സര്‍ക്കാര്‍ പുറത്തിറക്കിയ വിവാദ ഉത്തരവില്‍ വിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് താരം സോനു സൂദും. മനുഷ്യത്വം എന്നൊരു പേരുമാത്രമേ കടകള്‍ക്കു മുന്നില്‍ പാടുള്ളൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

എക്‌സിലൂടെയാണ് സോനു സൂദ് വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. എല്ലാ കടകള്‍ക്കും മുന്നില്‍ ഒരൊറ്റ നെയിംപ്ലേറ്റ് മാത്രമേ പാടുള്ളൂ; മനുഷ്യത്വം എന്നാകണം അത് എന്നായിരുന്നു താരം കുറിച്ചത്. ജീവകാരുണ്യ മേഖലയിലെ സജീവ ഇടപെടലുകള്‍ക്കു പുറമെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ച് എപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള താരം കൂടിയാണ് സോനു സൂദ്.

അതിനിടെ, യു.പിക്കു പിന്നാലെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ പൊലീസും വിവാദ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കാവഡ് യാത്ര റൂട്ടിലുള്ള മുഴുവന്‍ ഭക്ഷണശാലകളും ഉടമകളുടെ പേര് എഴുതിവയ്ക്കണമെന്നാണ് പൊലീസ് ഉത്തരവിട്ടിരിക്കുന്നത്. ഹോട്ടല്‍, റെസ്‌റ്റോറന്റ്, ധാബ, തട്ടുകടകള്‍ തുടങ്ങിവയ്ക്കാണു നിര്‍ദേശം. കാവഡ് യാത്രയ്ക്കിടെ കടയുടമകള്‍ പേര് വെളിപ്പെടുത്താത്തതു കാരണം സ്ഥിരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നാണ് ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭല്‍ പറഞ്ഞത്. പലതവണ ഇതിനെതിരെ തീര്‍ഥാടകര്‍ രംഗത്തെത്തിയിട്ടുണ്ടെന്നും. ഈ വിഷയം പരിഹരിക്കാനായി യാത്രാ റൂട്ടിലുള്ള മുഴുവന്‍ കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും ധാബകളും തട്ടുകടകളുമെല്ലാം പൊലീസ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഉടമകളുടെ പേരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ക്യു.ആര്‍ കോഡിലും ഉടമകളുടെ പേരുകള്‍ വ്യക്തമാക്കണമെന്നും പ്രമേന്ദ്ര ഉത്തരവിട്ടിരിക്കുകയാണ്.

അതിനിടെ, യു.പിയിലെ വിവാദ ഉത്തരവില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും സഖ്യകക്ഷിയായ ജെ.ഡി.യുവും രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്നത് അംഗീകരിക്കില്ലെന്നാണ് ലോക് ജനശക്തി പാര്‍ട്ടി(രാംവിലാസ്) നേതാവ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന 'സബ് കാ സാത്, സബ് കാ വികാസ്' മുദ്രാവാക്യങ്ങള്‍ക്കു വിരുദ്ധമാണു നടപടിയെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭരണഘടനാ വിരുദ്ധമാണു നടപടിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നു പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.

Summary: 'There should only be one nameplate on every shop: HUMANITY,' says actor Sonu Sood after UP govt passes controversial order ahead of Kanwar Yatra

TAGS :

Next Story