Quantcast

ആര്‍.ആര്‍.ആര്‍ ഓസ്കാറിലേക്ക്; 14 വിഭാഗങ്ങളില്‍ മത്സരിക്കും

ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത് ഗുജറാത്തില്‍ നിന്നുള്ള 'ചെല്ലോ ഷോ' ആയിരുന്നു

MediaOne Logo

ijas

  • Updated:

    2022-10-06 09:57:43.0

Published:

6 Oct 2022 9:50 AM GMT

ആര്‍.ആര്‍.ആര്‍ ഓസ്കാറിലേക്ക്; 14 വിഭാഗങ്ങളില്‍ മത്സരിക്കും
X

എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ഓസ്കാറിന് മത്സരിക്കുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, സഹ നടന്‍ എന്നിങ്ങനെ 14 വിഭാഗങ്ങളിലായാണ് ചിത്രം ഓസ്കാറില്‍ മത്സരിക്കുന്നത്. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്‍റെ ഭാഗമായാണ് അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.


ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്തത് ഗുജറാത്തില്‍ നിന്നുള്ള 'ചെല്ലോ ഷോ' ആയിരുന്നു. കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍ എന്നീ ചിത്രങ്ങളെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കാത്തതിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിലൂടെ ചിത്രം ഓസ്കാറിലേക്ക് മത്സരിക്കുന്നത്. അക്കാദമിക്ക് കീഴിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ അക്കാദമി അംഗങ്ങളുടെ വോട്ടിങ് കരസ്ഥമാക്കിയാണ് നോമിനേഷനില്‍ സ്ഥാനം പിടിക്കുക. മികച്ച വിദേശ ഭാഷാ ചിത്രത്തിന് വേണ്ടി 'ചെല്ലോ ഷോ' മത്സരിക്കുമ്പോള്‍ ഹോളിവുഡ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ജനറല്‍ വിഭാഗത്തിലാണ് ആര്‍.ആര്‍.ആര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍(രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

TAGS :

Next Story