Quantcast

കങ്കണയുടെ റിയാലിറ്റി ഷോയിൽ ചാംപ്യൻ മുനവ്വർ ഫാറൂഖി; സമ്മാനത്തുക 20 ലക്ഷം

കഴിഞ്ഞ വർഷം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇൻഡോർ പൊലീസ് മുനവ്വറിനെ അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    8 May 2022 2:58 PM

കങ്കണയുടെ റിയാലിറ്റി ഷോയിൽ ചാംപ്യൻ മുനവ്വർ ഫാറൂഖി; സമ്മാനത്തുക 20 ലക്ഷം
X

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് അവതാരകയായ റിയാലിറ്റി ഷോയിൽ ജേതാവായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖി. ഏക്ത കപൂറിന്റെ നേതൃത്വത്തിലുള്ള എന്റർടൈൻമെന്റ് കമ്പനിയായ ആൽട്ട് ബാലാജി അവതരിപ്പിക്കുന്ന ഡിജിറ്റൽ റിയാലിറ്റി ഷോ 'ലോക്ക് അപ്പി'ന്റെ ആദ്യ സീസണിലാണ് മുനവ്വർ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 20 ലക്ഷവും കാറുമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

റിയാലിറ്റി ഷോ താരങ്ങളായ പായൽ റോത്തഗി, അഞ്ജലി അറോറ എന്നിവരുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിലാണ് കന്നി റിയാലിറ്റി ഷോയിൽ മുനവ്വർ ഫാറൂഖിയുടെ ജയം. പായലാണ് റണ്ണർ അപ്പ്. അഞ്ജലി മൂന്നാം സ്ഥാനവും നേടി.

പൊതുജനങ്ങളിൽനിന്നുള്ള വോട്ടിനൊപ്പം അവതാരക കങ്കണയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ജേതാവിനെ തിരഞ്ഞെടുത്തത്. ആരാധകരുടെ വോട്ടിൽ പായലും മുനവ്വറും ഒപ്പത്തിനൊപ്പമായിരുന്നു. ഒടുവിൽ കങ്കണയുടെ വോട്ടിലാണ് മുനവ്വർ ജേതാവായത്.

പല രംഗങ്ങളിൽ വിവാദം സൃഷ്ടിച്ച 16 സെലിബ്രിറ്റികളെ ഒരു മാസത്തോളം കാര്യമായ സൗകര്യങ്ങളൊന്നുമില്ലാതെ ജയിലിലിടുക എന്ന ആശയമാണ് റിയാലിറ്റി ഷോ മുന്നോട്ടുവച്ചത്. വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ ആൾട്ട്ബാലാജിയിലും എം.എക്‌സ് പ്ലേയറിലുമായിരുന്നു 'ലോക്ക് അപ്പ്' സംപ്രേഷണം ചെയ്തിരുന്നത്.

കഴിഞ്ഞ വർഷം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇൻഡോർ പൊലീസ് മുനവ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ഇതിനുശേഷം കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം നിശ്ചയിച്ചിരുന്ന നിരവധി പരിപാടികൾ അധികൃതരുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയതായി മുനവ്വർ ആരോപിച്ചിരുന്നു. തുടർന്ന് സ്റ്റാൻപ് അപ്പ് കോമഡി നിർത്തുന്നതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Summary: Stand-up comedian Munawar Faruqui declared winner of Kangana Ranaut's reality show 'Lock Upp'

TAGS :

Next Story