'അവയെ കൊല്ലുന്നത് നിർത്തൂ'; തെരുവുനായ്ക്കൾക്കു വേണ്ടി നടി മൃദുല മുരളി
സ്റ്റോപ് കില്ലിങ് സ്ട്രീറ്റ് ഡോഗ്‌സ് എന്ന ഹാഷ്ടാഗിലാണ് നടിയുടെ പ്രതികരണം
തെരുവുനായ് വിഷയത്തിൽ പ്രതികരണവുമായി നടി മൃദുല മുരളി. നായ്ക്കളെ കൊല്ലുന്നതിന് പകരം അവർക്ക് അഭയകേന്ദ്രമൊരുക്കുകയാണ് വേണ്ടതെന്ന് അവർ സമൂഹമാധ്യത്തിൽ കുറിച്ചു. വിഷയം കേരളത്തിലുടനീളം ചർച്ചയാകുന്ന വേളയിലാണ് മൃദുല മുരളിയുടെ പ്രതികരണം.
'ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്ത് മറ്റുള്ളവരെ കൊല്ലുന്ന മനുഷ്യരില്ലേ? എന്താണ് പരിഹാരം? നമുക്ക് മനുഷ്യവംശത്തെ മുഴുവൻ കൊല്ലാം. ഇത് നടക്കുന്നതാണോ? മൃഗങ്ങളെ കൊല്ലുന്നതിന് പകരം ദയവായി അവയെ അഭയകേന്ദ്രങ്ങളിലാക്കാം.' സ്റ്റോപ് കില്ലിങ് സ്ട്രീറ്റ് ഡോഗ്‌സ് എന്ന ഹാഷ്ടാഗിൽ അവർ കുറിച്ചു.
നടിയെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്. 'ഇറങ്ങി, ഇറങ്ങി, ആളുകൾ ഇറങ്ങി', 'മുഴുവൻ സമയവും കാറിലും സെലിബ്രിറ്റി സ്റ്റേറ്റ്സുമായി നടക്കുന്ന നിങ്ങൾക്ക് പൊതുവഴിൽ കൂടി നടന്നു പോകുന്ന സാധാരണക്കാരന്റെയും കുട്ടികളുടെയും ഭയവും ഭീതിയും ചിലപ്പോ മനസിലായി കൊള്ളണമെന്നില്ല', 'നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച പെൺകുട്ടിയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കേരളം സുപ്രിംകോടതിയിലേക്ക്
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അക്രമകാരികളും പേ പിടിച്ചതുമായ നായ്ക്കളെ കൊല്ലാൻ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരുവുനായ് ഭീതി ഒഴിവാക്കാൻ സെപ്തംബർ 20 മുതൽ ഒക്ടോബർ 20 വരെ ഊർജ്ജിത വാക്‌സിനേഷൻ ഡ്രൈവും നടത്തും. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ് പറഞ്ഞു.
പഞ്ചായത്തുകളിൽ അഭയകേന്ദ്രം തുടങ്ങി തെരുവുനായ്ക്കള പാർപ്പിക്കാനും പദ്ധതിയുണ്ട്. നേരത്തെ സർക്കാർ കൈക്കൊണ്ട അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം (എബിസി) പ്രകാരം കൂടുതൽ വാക്‌സിനേഷൻ-വന്ധ്യംകരണ കേന്ദ്രങ്ങളും ഉടൻ ആരംഭിക്കും.
തിങ്കളാഴ്ച മാത്രം ഇരുപതോളം പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. വിഷയത്തിൽ കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി.ജി സൊമാനിയുടെ നേതൃത്വത്തിലാണ് സംഘം. പേ വിഷ ബാധയിൽ വാക്‌സിൻ നൽകിയിട്ടും മരണം സംഭവിച്ചതിൽ ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16