' പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി, വല്ലാത്ത തരിപ്പിലാണ്'; സുബീഷ് സുധി
ഇന്ന് രാവിലെ പത്തനംതിട്ട കടമ്മനിട്ടയില്‍ വച്ചായിരുന്നു നിസാമിന്‍റെ അന്ത്യം
സുബീഷ് സുധിയും നിസാം റാവുത്തറും
പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തറിന്‍റെ അപ്രതീക്ഷിത വേര്‍പാട് തീര്‍ത്ത ഞെട്ടലിലാണ് സിനിമാ ലോകം.നിസാം തിരക്കഥ എഴുതിയ 'ഒരു സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നിസാമിന്‍റെ അന്ത്യം. നിസാം വിട്ടുപോയതിന്‍റെ തരിപ്പിലാണ് താനെന്ന് നടന്‍ സുബീഷ് സുധി കുറിച്ചു. സുബീഷ് ആദ്യമായി നായകനാകുന്ന ചിത്രമാണ് 'ഒരു സര്‍ക്കാര്‍ ഉത്പന്നം'.
''മറ്റന്നാൾ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയുമാണ് അതിന് മുൻപ് ഈ സിനിമയിൽ എന്നെ നായകൻ ആക്കിയ എന്‍റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി. എന്തു പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു തരിപ്പിൽ ആണ്'' സുബീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാവിലെ പത്തനംതിട്ട കടമ്മനിട്ടയില്‍ വച്ചായിരുന്നു നിസാമിന്‍റെ അന്ത്യം. കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സക്കറിയയുടെ ഗര്‍ഭിണികള്‍, ബോംബെ മിഠായി, റേഡിയോ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
അതേസമയം ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം എന്നായിരുന്നു ആദ്യം സിനിമയുടെ പേര്. പിന്നീട് സിനിമയുടെ പേരിൽ ഭാരതം എന്ന് ഉപയോഗിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു. ട്രെയിലര്‍ പിന്‍വലിക്കാനും നിര്‍ദേശിച്ചിരുന്നു. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു സർക്കാർ ഉത്പന്നം'. ടി.വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവർ നിർമിച്ച ചിത്രത്തിൽ ഷെല്ലി, ഗൗരി ജി.കിഷന്‍, അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Adjust Story Font
16