Quantcast

'ദര്‍ശന്‍ എനിക്ക് മകനെപ്പോലെ, ഒരമ്മക്കും ഇത് സഹിക്കാനാവില്ല'; നടി സുമലത

രേണുകസ്വാമിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾക്കും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും സുമലത കുറിച്ചു

MediaOne Logo

Web Desk

  • Published:

    5 July 2024 4:25 AM GMT

Sumalatha Ambareesh with Darshan
X

ബെംഗളൂരു: രേണുകസ്വാമി വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തനിക്ക് മകനെപ്പോലെയാണെന്ന് നടി സുമലത അംബരീഷ്. ഒരമ്മക്കും ഇത് സഹിക്കാനാവില്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം രേണുകസ്വാമിയുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുമുണ്ട്. രേണുകസ്വാമിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാതാപിതാക്കൾക്കും ഭാര്യക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും സുമലത കുറിച്ചു.

“എൻ്റെ കുടുംബവും ദർശൻ്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസിലാകില്ല. ദര്‍ശന്‍ താരമാകുന്നതിനു മുന്‍പെ കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് അവനെ അറിയാം. ഒരു താരം എന്നതിലുപരി ഒരു കുടുംബാംഗത്തെ പോലെയാണ് ...അല്ല മകനെപ്പോലെയാണ്. അംബരീഷിനെ എപ്പോഴും അച്ഛൻ എന്ന് വിളിക്കുകയും ജീവിതത്തിൽ എനിക്ക് ഒരു പ്രത്യേക സ്ഥാനം നൽകുകയും ചെയ്തു. ഒരു അമ്മയും തൻ്റെ മകനെ ഇത്തരമൊരു സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല'' ദര്‍ശന്‍റെ അറസ്റ്റിനെക്കുറിച്ച് സുമലത കുറിക്കുന്നത് ഇങ്ങനെയാണ്. ദര്‍ശന് ഒരിക്കലും ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ സാധിക്കില്ലെന്നും സുമലത പറയുന്നു. ''വിശാലഹൃദയനായ,വളരെയധികം സ്നേഹമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. മൃഗങ്ങളോടുള്ള അവൻ്റെ അനുകമ്പയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. ദർശൻ അത്തരമൊരു കുറ്റകൃത്യം ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് ഞാൻ വിശ്വസിക്കുന്നു'' നടി കുറിച്ചു.

“ദർശൻ ഇപ്പോഴും കുറ്റരോപിതനാണ്. അവനെതിരെ ഒന്നും തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദർശന് നീതിയുക്തമായ വിചാരണ ലഭിക്കട്ടെ," ദർശൻ്റെ ഭാര്യ വിജയലക്ഷ്മിയെയും മകൻ വിനീഷിനെയും കുറിച്ച് സംസാരിച്ചവരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സുമലതയുടെ കുറിപ്പ് അവസാനിക്കുന്നത്.

ദര്‍ശന്‍റെ കടുത്ത ആരാധകന്‍ കൂടിയായ രേണുക സ്വാമി പവിത്രക്ക് അശ്ലീല സന്ദേശമയച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ജൂണ്‍ 8നാണ് ഒരു ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യുന്ന രേണുകയെ ചിത്രദുര്‍ഗയില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് രേണുകസ്വാമിയുടെ മൃതദേഹം സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികൾ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകൾ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്. രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.

ജൂണ്‍ 24ന് വിജയലക്ഷ്മിയും മകനും ദര്‍ശനെ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. വികാരഭരിതനായ അദ്ദേഹം കുറച്ചു നിമിഷങ്ങള്‍ മാത്രമേ കുടുംബത്തോട് സംസാരിച്ചുള്ളുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

TAGS :

Next Story