Quantcast

'സുനിലേട്ടൻ ജീനിയസ്സാണ്, കത്തി ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രമാണ്'; ഓര്‍മ്മ കുറിപ്പുമായി അജയന്‍ ചാലിശ്ശേരി

മലയാളം, തമിഴ്, തെലുഗ്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്ന സുനില്‍ ബാബു ഇക്കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-01-10 10:28:34.0

Published:

10 Jan 2023 10:24 AM GMT

സുനിലേട്ടൻ ജീനിയസ്സാണ്, കത്തി ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രമാണ്; ഓര്‍മ്മ കുറിപ്പുമായി അജയന്‍ ചാലിശ്ശേരി
X

സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബുവിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകനും കലാ സംവിധായകനുമായ അജയന്‍ ചാലിശ്ശേരി. ഏകദേശം ഇരുപത് കൊല്ലങ്ങൾക്ക് മുമ്പുള്ള പ്രഭാതത്തിൽ ചാലിശ്ശേരിയിൽ നിന്ന് രണ്ടു ബസ്സുകൾ മാറിക്കേറി കൊച്ചിയിൽ എത്തിയ ചെറുപ്പക്കാരന്‍ 'മാജിക്..മാജിക്' എന്ന സിനിമക്ക് വേണ്ടി ചെയ്ത പടുകൂറ്റൻ സെറ്റിനു മുന്നിലാണ് ചെന്നെത്തിയതെന്നും അവിടെ വെച്ചാണ് കലാ സംവിധായകനായ സുനില്‍ ബാബുവിനെ ആദ്യമായി കാണുന്നതെന്നും അജയന്‍ കുറിച്ചു.

പിന്നീട് സുനില്‍ ബാബു സ്വതന്ത്ര കലാ സംവിധായകനായി മാറിയ 'അനന്തഭദ്രം' സിനിമയില്‍ ആർട്ട്‌ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ചു. നോട്ട് ബുക്ക്‌, ബിഫോർ ദ റെയിൻ (ഇംഗ്ലീഷ് ), ദുർഗ്ഗി (കന്നഡ )മുഴുവനായും, ഗജിനി( തമിഴ് ) ഇൻ ദ നെയിം ഓഫ് ബുദ്ധ (ഇംഗ്ലീഷ്) ചോട്ടാ മുംബൈ സിനിമകളിൽ സെറ്റുകളിലെ എഴുത്ത്, സെറ്റിലെ ഡെക്കർ ആയി ജോലി ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള ഈ കാലഘട്ടം കോളജിലെ പഠനകാലം പോലെയായിരുന്നുവെന്നും സെറ്റ് നിർമ്മാണം, സെറ്റിന്‍റെ നിറങ്ങൾ, ഡെകോർ, ഫ്രെയിം സെറ്റിങ്, ഫ്രെയിം കമ്പോസിംഗ് എന്നിവ കണ്ടു പഠിക്കാൻ കഴിഞ്ഞതും ബോർഡ് എഴുത്തിൽ നിന്നും ഉള്ളിലെ കലാസംവിധായകനെ വളർത്തിയെടുത്തതിലും വലിയ പങ്ക് സുനില്‍ ബാബുവിനുണ്ടെന്നും അജയന്‍ ചാലിശ്ശേരി പറഞ്ഞു.

മലയാളം, തമിഴ്, തെലുഗ്, ബോളിവുഡ് സിനിമകളില്‍ തിരക്കുള്ള കലാ സംവിധായകനായിരുന്ന സുനില്‍ ബാബു ഇക്കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മൈസൂരു ആർട്സ് കോളേജിലെ പഠനത്തിനു ശേഷം കലാ സംവിധായകൻ സാബു സിറിലിന്‍റെ സഹായിയായാണ് സുനില്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇൻ ദ നെയിം ഓഫ് ബുദ്ധ എന്ന ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.

അജയന്‍ ചാലിശ്ശേരിയുടെ വാക്കുകള്‍:

സുനിലേട്ടനെ പറ്റി എന്താണെഴുതുക. എവിടെ ആണു തുടങ്ങുക. എന്തു പറഞ്ഞാണ് തുടങ്ങുക. കടുത്ത വേർപാടുകൾ മുന്നിൽ അനന്തമായ ഏകാന്തത സൃഷ്ടിക്കും. രണ്ടു മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം ഇതെഴുതുമ്പോൾ എല്ലാ കനലുകളും കെട്ടടങ്ങിയ ഇത്തിരി ചാരമായിക്കാണും എന്‍റെയും പ്രിയപ്പെട്ട സുനിലേട്ടൻ. ഏകദേശം ഇരുപത് കൊല്ലങ്ങൾക്ക് മുമ്പുള്ള പ്രഭാതത്തിൽ ചാലിശ്ശേരിയിൽ നിന്ന് രണ്ടു ബസ്സുകൾ മാറിക്കേറി കൊച്ചിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ കൈയ്യിലെ ടെക്സ്റ്റയിൽസ് കവറിൽ രണ്ട് ജോഡി ഡ്രസ്സുകൾ. കൊച്ചിയിൽ നിന്ന് കാക്കനാടിനു വീണ്ടും ബസ് കയറി നവോദയ സ്റ്റുഡിയോയിൽ എത്തി.

മാജിക്..മാജിക് എന്ന സിനിമക്ക് വേണ്ടി ചെയ്ത പടുകൂറ്റൻ സെറ്റിനു മുന്നിലാണ് ചെന്നെത്തിയത്. സെറ്റിലേക്ക് എഴുതാനും, സ്റ്റിക്കർ കട്ടിംഗ്, ചെറിയ തരത്തിൽ ഉള്ള പ്രോപ്പർട്ടി ഉണ്ടാകുന്നതിനും ഒരാളെ വേണം പറഞ്ഞപ്പോൾ പ്രിയ കൂട്ടുകാരനായ ഗോകുൽ ദാസ് പറഞ്ഞു വിട്ടതാണ് എന്നെ. അവിടെ നിന്നാണ് ഞാൻ സുനിലേട്ടനെ ആദ്യമായി കാണുന്നത്. അതുവരെ ഗോകുൽ പറഞ്ഞ കഥകൾ കേട്ടു മാത്രം പരിചയമുള്ളയാളുകൾ ആയിരുന്നു സുനിലേട്ടനും, മനോജേട്ടനും (മനുജഗത് ) പിന്നെ ജോണിയേട്ടൻ, മിലൻ ഫെർണാണ്ടസ്. സുനിലേട്ടൻ വളരെ മിത ഭാഷിയായിരുന്നു എന്നോട്. ഗോകുൽ എന്നെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് അവർ പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത സന്തോഷമായി.

രണ്ടു നാലു ദിവസത്തെ വർക്കിനാണ് വന്നതിനെങ്കിലും എന്‍റെ എഴുത്തും വരയും കഴിയാൻ പത്തു പതിനഞ്ചു ദിവസങ്ങൾ കൊണ്ട് തീർത്തുകൊടുത്തു. അത്രയും അധികം വർക്കുകൾ അത്യാവശ്യം സ്പീഡിൽ എഴുത്തും കൊണ്ട് സുനിലേട്ടനും മനോജേട്ടനും പിന്നീട് അവർക്ക് സെറ്റ് വർക്ക് എവിടെ ഉണ്ടെങ്കിലും എഴുതാൻ മിക്കവാറും എന്നെ വിളിക്കുന്നത് പതിവാക്കി.

പിന്നീട് സുനിലേട്ടൻ സ്വതന്ത്ര ആർട്ട്‌ ഡയറക്ടർ മാറി 'അനന്തഭദ്രം' തുടങ്ങിയപ്പോളാണ് ഞാനതിൽ ആർട്ട്‌ അസിസ്റ്റന്‍റ് ആയി അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു തുടങ്ങി. നോട്ട് ബുക്ക്‌, ബിഫോർ ദ റെയിൻ (ഇംഗ്ലീഷ് ), ദുർഗ്ഗി (കന്നഡ )മുഴുവനായും, ഗജിനി( തമിഴ് ) ഇൻ ദ നെയിം ഓഫ് ബുദ്ധ ( ഇംഗ്ലീഷ് ) ചോട്ടാ മുംബൈ സിനിമകളിൽ സെറ്റുകളിലെ എഴുത്ത്, സെറ്റിലെ ഡെക്കർ ആയി വർക്ക് ചെയ്യാനും കഴിഞ്ഞു. അദ്ദേഹത്തോടൊപ്പമുള്ള ഈ കാലഘട്ടം എനിക്ക് കോളജിലെ പഠനകാലം പോലെയായിരുന്നു. സെറ്റ് നിർമ്മാണം, സെറ്റിന്‍റെ നിറങ്ങൾ, ഡെകോർ, ഫ്രെയിം സെറ്റിങ്, ഫ്രെയിം കമ്പോസിംഗ്, കണ്ടു പഠിക്കാൻ കഴിഞ്ഞത് ബോർഡ് എഴുത്തിൽ നിന്ന് എന്നിൽ ഒരു കലാസംവിധായകനേ ഉള്ളിൽ മെല്ലെ മെല്ലെ വളർത്തിയെടുത്തു. നല്ലതേത്, ചീത്തയേത്, എന്തു വേണം, എന്തു വേണ്ട എന്നത്. നിങ്ങളിൽ നിന്നും മനോജേട്ടനിൽ നിന്നും പഠിച്ച പാഠങ്ങൾ തന്നെയാണ് എന്നെ കലാസംവിധായകനായി മാറ്റിമറിച്ചത്. നിങ്ങൾ പറഞ്ഞ ഒരു വാചകമുണ്ട്. ഒരു ജീവിതം നടക്കുന്ന വീടാണെങ്കിൽ പുത്തൻ പെയിന്‍റ് ചെയ്ത പോലെയാകില്ലെന്നും ഇത്തിരി അഴുക്കും, എയ്ജിങ്ങും ഉറപ്പായും വേണമെന്നും.

കഴിഞ്ഞ ഏപ്രിലിൽ കാലിന്‍റെ ചികിത്സക്ക് പെരിങ്ങോട് വന്നപ്പോൾ അജയാ...നീ എവിടെയാ ഞാൻ നിന്‍റെ നാട്ടിൽ ഉണ്ട്‌ സമയം പോലെ ഇങ്ങോട്ട് വരണം എന്നു പറഞ്ഞു. അന്ന് നേരിൽ കണ്ടതിനു ശേഷം ഞാൻ പിന്നീട് ചെന്നൈയിൽ വന്നപ്പോൾ 'വാരിസ്' ഗോകുലം സ്റ്റുഡിയോയിൽ നടക്കുന്നത് അറിഞ്ഞപ്പോൾ സർപ്രൈസ് ആയി കാണാൻ വന്നപ്പോൾ അന്ന് മുംബൈയിലേക്കും പോയെന്നറിഞ്ഞു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയും ഇല്ല.

തിരിച്ചു വിളി ആണു പതിവ് കാരണം പിന്നെ ഞാനും വിളിച്ചില്ല. എപ്പോഴും തിരിക്കുകളിൽ മാത്രമേ സുനിലേട്ടനെ ഞാനും കണ്ടിട്ടുള്ളൂ. രണ്ടു മൂന്നും നാലും സിനിമകൾ, പരസ്യങ്ങൾ, പല ഭാഷകളിലായി നടക്കുന്നുണ്ടായിരിക്കും ഓടി ഓടി നടന്ന് വർക്ക് ചെയ്യുന്നയാൾ സ്വന്തം പാദത്തിലെ ചെറിയ ഒരു ചതവ് 25 ദിവസം കാലനക്കാതെ വെക്കാൻ പറഞ്ഞത് 8 ദിവസം പോലും ഇരിക്കാൻ പറ്റാതെ സെറ്റിലെ തിരക്കിലേക്ക് ഓടിപ്പോയപ്പോൾ അതൊരു എല്ലിലെ പൊട്ടലായി പിന്നെയത് മുറിവായി വ്രണമായി നടക്കാൻ പോലും ബുദ്ധിമുട്ടായപ്പോൾ വീൽചെയറിൽ ഇരുന്നുകൊണ്ടും സെറ്റിൽ നിന്ന് മറ്റൊന്നൊന്നിലേക്ക്. രാപകൽ ഇല്ലാതെ സ്വന്തം ശരീരം. അസുഖങ്ങൾ ഒന്നും നോക്കാതെ. ഒന്നും പറയാതെ ഇപ്പോൾ ഞങ്ങളിൽ നിന്നു പിരിഞ്ഞു പോയവൻ.

സുനിലേട്ടൻ ഞങ്ങൾക്കെന്നും മാതൃകയാണ്. ഞങ്ങളുടെ ഗുരുതുല്യനാണ്... ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടനാണ്..

കൊടും ജീനിയസ്സാണ്..നല്ല മനുഷ്യനാണ്..നല്ല സ്നേഹിതനാണ്..മികച്ച കലാകാരനാണ്... ഇപ്പോൾ ഞങ്ങൾക്ക് മുന്നിൽ കത്തി ജ്വലിച്ചു നിക്കുന്ന നക്ഷത്രമാണ് !

ജീവനുള്ള കാലം വരെ അതങ്ങനെ തന്നെ ഹൃദയത്തിൽ വെട്ടിത്തിളങ്ങി കൊണ്ടേയിരിക്കും.

സുനിൽ ബാബു

പ്രൊഡക്ഷൻ ഡിസൈനർ.

TAGS :

Next Story