Quantcast

'അവരുടെ നീതിക്കായി ശബ്ദമുയർത്തുക, നീതിയുടെ സാക്ഷികളാവുക': ഗുസ്തി താരങ്ങളെ പിന്തുണച്ച് സുരാജ് വെഞ്ഞാറമൂട്

'നമ്മുടെ രാജ്യത്തെ അഭിമാനത്തിന്‍റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല'

MediaOne Logo

Web Desk

  • Published:

    31 May 2023 4:10 PM GMT

actor Suraj Venjaramoodu supports wrestlers protest
X

Suraj Venjaramoodu

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്‍റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികളാവുക എന്നാണ് സുരാജ് കുറിച്ചത്.

ലൈംഗിക പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്. മലയാള സിനിമയില്‍ നിന്ന് ടൊവിനോ തോമസ്, ഷെയിന്‍ നിഗം, അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുള്ളവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

"അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്‍റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ"- എന്നാണ് ടൊവിനോ കുറിച്ചത്.

നടി അപര്‍ണ ബാലമുരളിയും ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് 'നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണ്' എന്നാണ് അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

മന്ത്രിസ്ഥാനമോ എം.പി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല ഗുസ്തി താരങ്ങളുടെ സമരമെന്ന് ഷെയിന്‍ നിഗം കുറിച്ചു. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ് ഈ സമരം. രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദിച്ചും അറസ്റ്റ് ചെയ്തു നീക്കി. ആറ് തവണ പാർലമെന്‍റ് അംഗമായ ബ്രിജ്ഭൂഷണെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പെടെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ബ്രിജ് ഭൂഷണെതിരായ പരാതി. പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഗുസ്തി താരങ്ങള്‍ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഷെയിന്‍ നിഗം കുറിച്ചു. രാജ്യത്തിന്‍റെ അഭിമാന താരങ്ങളുടെ നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷെയിന്‍ നിഗത്തിന്‍റെ കുറിപ്പ്.


TAGS :

Next Story