Quantcast

'ഏഴാം അറിവിലെ സംവരണവിരുദ്ധ ഡയലോഗ് നീക്കംചെയ്യാൻ സൂര്യ ആവശ്യപ്പെട്ടിരുന്നു'; വെളിപ്പെടുത്തി ഉദയനിധി സ്റ്റാലിന്‍

2011ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം 'ഏഴാം അറിവ്' തമിഴ്നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    28 Jun 2023 3:52 AM GMT

Udhayanidhi Stalin says Suriya asked to remove anti-reservation dialogue
X

ചെന്നൈ: 2011ൽ സംവരണത്തെക്കുറിച്ച് വേണ്ടത്ര രാഷ്ട്രീയബോധമുണ്ടായിരുന്നില്ലെന്ന് തമിഴ്‌നാട് കായികമന്ത്രിയും ചലച്ചിത്ര നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ. ആ വർഷം പുറത്തിറങ്ങിയ 'ഏഴാം അറിവ്' എന്ന സൂര്യ ചിത്രത്തിൽ സംവരണവിരുദ്ധ സംഭാഷണമുണ്ടായിരുന്നു. ഡയലോഗ് നീക്കംചെയ്യാൻ സൂര്യ ആവശ്യപ്പെട്ടെങ്കിലും അതു നിലനിർത്തുകയായിരുന്നുവെന്ന് ഉദയനിധി വെളിപ്പെടുത്തി. അന്ന് സംവരണത്തെക്കുറിച്ച് വലിയ രാഷ്ട്രീയധാരണയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ നിർമിച്ച 'ഏഴാം അറിവി'ൽ സംവരണത്തിനെതിരായ ഒരു സംഭാഷണശകലമുണ്ടായിരുന്നു. അന്നത്തെ എന്റെ രാഷ്ട്രീയബോധം വച്ചാണ് അത് ചേർത്തത്. ഇതൊരു സിനിമയല്ലേ എന്നു ചിന്തിച്ചു ഞാൻ. അത് എഴുതിയതിന് എ.ആർ മുരുഗദോസിനെ(ചിത്രത്തിന്റെ സംവിധായകൻ) ഞാൻ കുറ്റപ്പെടുത്തില്ല. അത് അദ്ദേഹത്തിന്റെ ചിന്തയും എഴുത്തുമായിരുന്നു. എന്നാൽ, അതെന്റെ ചിത്രത്തിൽ നിലനിർത്തേണ്ടിയിരുന്നില്ല-ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

''ആ രംഗം ഷൂട്ട് ചെയ്തത് സൂര്യ അറിഞ്ഞിരുന്നില്ല. ഡബ്ബിങ് സമയത്തും സൂര്യ അവിടെയുണ്ടായിരുന്നില്ല. റിലീസിന് തൊട്ടുമുൻപാണ് അദ്ദേഹം ചിത്രം കാണുന്നത്. ഈ ഡയലോഗ് കണ്ട് അത് സംവരണത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയധാരണയാണത്. അത് അങ്ങനെത്തന്നെ പോകട്ടെയന്നാണ് ഞാൻ പ്രതികരിച്ചത്. എന്നാൽ, അതു വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ എനിക്കു തോന്നുന്നു''-ഉദയനിധി വെളിപ്പെടുത്തി.

ഏറെ ആഘോഷിക്കപ്പെട്ട സൂര്യ ചിത്രം പക്ഷെ തമിഴ്‌നാട്ടിൽ രാഷ്ട്രീയകോളിളക്കത്തിനും വഴിവച്ചു. തിരക്കഥാകൃത്ത് മുരുഗദോസിനും നിർമാതാവ് ഉദയനിധിക്കുമെതിരെ വലിയ പ്രതിഷേധമുണ്ടായി. കരുണാനിധിയുടെ കൊച്ചുമകൻ സ്വന്തം ചിത്രത്തിൽ സംവരണവിരുദ്ധ ഡയലോഗ് അനുവദിച്ചത് വിമർശിക്കപ്പെട്ടു. ഒടുവിൽ, ഡയലോഗ് മ്യൂട്ട് ചെയ്താണ് പിന്നീട് 'ഏഴാം അറിവ്' തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്.

മാരി സെൽവരാജിന്റെ പുതിയ ചിത്രം 'മാമണ്ണന്റെ' പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖ പരിപാടിയിൽ സംസാരിക്കവെയാണ് ഉദയനിധി പഴയ വിവാദങ്ങളെക്കുറിച്ച് മനസ്സുതുറന്നത്. സാമൂഹികനീതി പ്രമേയമായുള്ള ചിത്രത്തിൽ അഭിനേതാവായി ഉദയനിധിയും എത്തുന്നുണ്ട്. തന്റെ അവസാനചിത്രമാകും ഇതെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സിനിമാരംഗം വിടുകയാണെന്നും ഇനി പൂർണമായും രാഷ്ട്രീയത്തിൽ സജീവമാകാനാണ് തീരുമാനമെന്നുമാണ് ഉദയനിധി പ്രഖ്യാപിച്ചത്. മാരി സെൽവരാജിന്റെ ഫ്രെയിമുകളും തിരക്കഥയും രാഷ്ട്രീയവുമെല്ലാം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം തന്നെ കരിയർ അവസാനിപ്പിക്കാൻ തിരഞ്ഞെടുത്തതെന്നും ഉദയനിധി സ്റ്റാലിൻ വെളിപ്പെടുത്തിയിരുന്നു.

Summary: Suriya asked me to remove anti-reservation dialogue from '7aum Arivu' movie: Udhayanidhi Stalin

TAGS :

Next Story