'എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു; വിദ്വേഷരാഷ്ട്രീയത്തിന് അതിനെ മാറ്റാനാകില്ല'-ഭരണഘടനാ ആമുഖം പങ്കുവച്ച് സുഷ്മിത സെൻ
രാമക്ഷേത്ര പ്രതിഷ്ഠയ്ക്കിടെയാണ് ബോളിവുഡ് താരം സോഷ്യൽ മീഡിയയിലൂടെ നിലപാട് വ്യക്തമാക്കിയത്
മുംബൈ: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ ഇന്ത്യൻ ഭരണഘടനാ ആമുഖം പങ്കുവച്ച് ബോളിവുഡ് താരം സുഷ്മിത സെൻ. മാതൃഭൂമി എന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് രാജ്യത്തിന്റെ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവം ഊന്നിപ്പറയുന്ന ഭരണഘടനാ ആമുഖം സുഷ്മിത സെൻ പോസ്റ്റ് ചെയ്തത്. ബോളിവുഡ് സംവിധായകൻ അതുൽ മോംഗിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കിടുകയായിരുന്നു അവർ. 'ഇന്ത്യ. എന്റെ രാജ്യത്തെ ഞാൻ സ്‌നേഹിക്കുന്നു. വിദ്വേഷരാഷ്ട്രീയത്തിന് ഒരിക്കലും അതിനെ മാറ്റാനാകില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു അതുലിന്റെ പോസ്റ്റ്. ഇതോടൊപ്പം ഇഷ്ടത്തെ സൂചിപ്പിക്കുന്ന സ്‌മൈലിക്കൊപ്പം മാതൃരാജ്യം എന്ന് അടിക്കുറിപ്പോടെയാണ് അവർ ഇത് പങ്കുവച്ചത്.
നേരത്തെ മലയാള സിനിമാ ലോകത്തെ നിരവധി പേർ ഭരണഘടനാ ആമുഖം പങ്കുവച്ച് നിലപാട് പരസ്യമാക്കിയിരുന്നു. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ജിയോ ബേബി ഉൾപ്പെടെ ചലച്ചിത്രരംഗത്തെ പ്രമുഖർ ഇക്കൂട്ടത്തിലുണ്ട്. 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നാണ് റിമ ഭരണഘടനാ ആമുഖം പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്. 'നമ്മുടെ ഇന്ത്യ' എന്നാണ് പാർവതിയുടെ വാക്കുകൾ. നടിമാരായ ദിവ്യപ്രഭ, കനി കുസൃതി, സംവിധായകൻ കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ്, സയനോര തുടങ്ങിയവരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് പണി പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ഉച്ചയ്ക്ക് 12.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠ നടത്തിയത്. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിനു സാക്ഷ്യംവഹിച്ചു.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനീകാന്ത്, കങ്കണ റണാവത്ത്, രാംചരൺ, ചിരഞ്ജീവി, രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശാൽ, കത്രീന കൈഫ്, ആയുഷ്മാൻ ഖുറാന, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത് തുടങ്ങി സിനിമാലോകത്തുനിന്നു വലിയൊരു താരനിര തന്നെ ചടങ്ങിനെത്തിയിരുന്നു. സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ, സൈനാ നെഹ്‌വാൾ, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നും സോനു നിഗം, കൈലാഷ് ഖേർ, അനുരാധാ പദ്വാൾ, ശങ്കർ മഹാദേവൻ ഉൾപ്പെടെ സംഗീതരംഗത്തുനിന്നും പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.
Summary: Sushmita Sen shares constitution of India's preamble on Instagram after Ayodhya's Ram Mandir consecration ceremony
Adjust Story Font
16